തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ബാലഭാസ്കറിന്റെ മകൾ തേജസ്വി ബാല( 2) മരിച്ചു. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി ഡ്രൈവർ അർജുൻ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് ഇവരുടെ വാഹനം അപകടത്തിൽപെട്ടത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ബാലഭാസ്കറും മകൾ തേജസ്വിയും മുൻ സീറ്റിലിരുന്നായിരുന്നു യാത്ര. നിയന്ത്രണം വിട്ട ഇന്നോവ കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഡ്രൈവർ അർജുൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.ബാലഭാസ്കറും ഭാര്യയും അതീവ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരുടെ പരുക്കുകൾ ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഡ്രൈവർ അർജുനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഹൈവേ പോലീസെത്തി ഇവരെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമാണ് ബാലഭാസ്കർ. മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാം വയസ് മുതൽ വയലിൻ അഭ്യസിച്ച് തുടങ്ങിയതാണ് ബാലഭാസ്കർ. അമ്മാവൻ ബി. ശശികുമാറിന്റെ ശിക്ഷണത്തിലായിരുന്നു പഠനം. പന്ത്രണ്ടാം വയസിലാണ് ബാലഭാസ്കർ ആദ്യമായി സ്റ്റേജിൽ വയലിനുമായി എത്തുന്നത്. അഞ്ച് വർഷം തുടർച്ചയായി കേരളാ യൂണിവേഴ്സിറ്റിയിൽ വയലിൻ ഒന്നം സ്ഥാനം ബാലഭാസ്കറിനായിരുന്നു.17ാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചായിരുന്നു ബാലഭാസ്കറിന്റെ തുടക്കം. പാഞ്ചജന്യം, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും ബാലഭാസ്കർ സംഗീതം നൽകിയിട്ടുണ്ട്.

കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇന്തോ- വെസ്റ്റേൺ ഫ്യൂഷൻ അവതരിപ്പിക്കുന്നതും ബാലഭാസ്കറാണ്. ബാലലീല എന്ന പേരിൽ ഒരു ബാൻഡുമുണ്ട് ബാലഭാസ്കറിന്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും രണ്ടാം റാങ്കോടെയാണ് ബാലഭാസ്കർ സംസ്കൃതം എംഎ പാസാകുന്നത്.

താൻ സഗീത ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന തരത്തിൽ ഒരിക്കൽ ബാലഭാസ്കറിന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. കടുത്ത മനാസിക സമ്മർദ്ദത്തിലാമെന്നും ഇനി സംഗീത രംഗത്ത് തുടരാൻ താൽപര്യമില്ലെന്നുമായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ നിരവധി പ്രോഗ്രാമുകൾ റദ്ദാക്കിയതായും സുഹൃത്തുക്കൾ അടക്കമുള്ളവർ ശ്രമിച്ചിട്ടും തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ താൻ വിദേശത്തായിരുന്ന സമയത്ത് ആരോ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന് വിശദീകരണവുമായി ബാലഭാസ്കർ പിന്നാലെയെത്തി. കൂടെ നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ ഹാക്ക് ചെയ്തുവെന്ന വാദം അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പൂർണമായി അംഗീകരിക്കാൻ തയാറായിരുന്നില്ല.