കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു.

എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകിട്ടോടെ പത്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പത്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പത്മജ വേണുഗോപാല്‍ ഉള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പത്മജയ്ക്ക് സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 12 ഇടത്തെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.