ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന്റെ ലണ്ടനിലുള്ള വീട്ടിൽ മോഷണം. ബെക്കാമും ഭാര്യ വിക്ടോറിയയും മകൾ ഹാർപ്പറും വീട്ടിൽ ഉള്ളപ്പോഴായിരുന്നു മോഷണം. ഇവർ മുകളിലത്തെ നിലയിലായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് താഴത്തെ നിലയിലെ കിടപ്പുമുറിയിൽ നിന്ന് ചുമർചിത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞു.
രാത്രി സുഹൃത്തുക്കളുമായി വീട്ടിലെത്തിയ മകൻ ക്രൂസ് ആണ് മോഷണം നടന്നതായി കണ്ടെത്തിയത്. ജനലിന്റെ ഗ്ലാസുകൾ തകർന്ന് കിടക്കുന്നതും കണ്ടു. ബെക്കാം ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടു. മോഷണത്തിൽ ഞെട്ടിപ്പോയെന്നും ഭാഗ്യവശാൽ ഒരു മുറി മാത്രം ആണ് കൊള്ളയടിക്കപ്പെട്ടതെന്നും ദമ്പതികൾ പ്രതികരിച്ചു.
ബെക്കാമിന്റെ വീടിനെ ‘ബെക്കിങ്ഹാം പാലസ്’ എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. 2013 ലാണ് ബെക്കാം ദമ്പതികൾ ഈ ബംഗ്ലാവ് മേടിച്ചത്. ഏകദേശം 10 മില്യൺ ഡോളർ ചെലവഴിച്ച് പുതുക്കിപ്പണിത ശേഷമാണ് 2016 ൽ ഇവിടേക്ക് താമസം മാറിയത്. അത്യാഡംബരം നിറയുന്ന അകത്തളങ്ങളാണ് ബംഗ്ലാവിനുള്ളിൽ. മൂന്ന് നിലകളിലായി എട്ടു കിടപ്പുമുറികൾ. പ്രൗഢമായ പാഷ്യോ, വിശാലമായ കോർട്യാർഡുകൾ, ആധുനിക കിച്ചൻ, ജിം, വൈൻ സെല്ലാർ, വിശാലമായ ഹോം തിയറ്റർ, ഇൻഡോർ പൂൾ, മൂന്ന് ഗരാജുകൾ എന്നിവയാണ് ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നത്. 40 മില്യൺ പൗണ്ടാണ് മൂല്യം.
Leave a Reply