ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകുന്ന വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂണിയനില്‍ നല്‍കിയ വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന് നാലു രാജ്യങ്ങള്‍ അരിയിച്ചു. ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളാണ് നിലപാട് അറിയിച്ചത്. കുടിയേറ്റ ഗുണഭോക്തൃ നിയമങ്ങളില്‍ അയവ് വരുത്തണമെന്ന് ഈ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ കാമറൂണിനോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് ഈ ആവശ്യം ഉയര്‍ന്നിട്ടുളളത്.
ബ്രിട്ടനില്‍ ജീവിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ മക്കള്‍ക്കുളള ഗുണഭോക്തൃ പദ്ധതികള്‍ ചുരുക്കാനുളള നിര്‍ദേശത്തിലും മാറ്റം വേണമെന്ന് ആവശ്യമുണ്ട്. ക്ഷേമപദ്ധതികള്‍ ബ്രിട്ടന്‍ പെട്ടെന്ന് നിര്‍ത്തലാക്കിയത് പുനഃപരിശോധിക്കണം. എന്നാല്‍ ഇവ പിന്‍വലിക്കുന്നത് ഡേവിഡ് കാമറൂണിന് ഏറെ അപമാനകരമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം നിലപാടുകളില്‍ പ്രധാനമന്ത്രി ഉറച്ച് നില്‍ക്കുമെന്നാണ് സൂചന. നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ അത് യൂറോപ്യന്‍ യൂണിയനില്‍ കടിച്ചു തൂങ്ങാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുമോ എന്നാണ് കാമറൂണിന്റെ ആശങ്ക.

അടുത്ത ദിവസം നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ എല്ലാ അംഗരാജ്യങ്ങളും ഒരു ധാരണയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ ഇത് അംഗീകരിക്കാതിരുന്നാല്‍ യൂണിയനില്‍ നിന്നുളള പുറത്ത് കടക്കല്‍ എളുപ്പമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ഈമാസം നടക്കാനിരിക്കുന്ന അടിയന്തര ഉച്ചകോടിയില്‍ പ്രശ്‌നം ചര്‍ച്ചയാകും. ജൂണില്‍ ഹിതപരിശോധന നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്.

കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദേയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ യൂറോസോണ്‍ ഇന്റഗ്രേഷനും ലണ്ടന്‍ നഗരത്തിന്റെ സംരക്ഷണവും പോലുളള കാര്യങ്ങളില്‍ ധാരണയുണ്ടാകുമെന്നാണ് സൂചന. അതേസമയം ഒരു ധാരണയിലെത്തണമെങ്കില്‍ ഇനിയും ദൂരം ഒരുപാട് താണ്ടണമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന്റെ അഭിപ്രായം. അവശേഷിക്കുന്ന പ്രശ്‌നങ്ങളെല്ലാം നല്ലരീതിയില്‍ തന്നെ പരിഹരിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കാര്യങ്ങള്‍ ഭംഗിയായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ എങ്ങനെ അവസാനിക്കുമെന്ന കാര്യത്തില്‍ യാതൊരു പ്രവചനവും സാധ്യമല്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം കാമറൂണിന് തലവേദനയുണ്ടാക്കുന്നുണ്ട്. ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്നാണ് ഇറ്റലിയുടെ പക്ഷം. കാമറൂണ്‍ അനുരജ്ഞന ശ്രമങ്ങള്‍ തുടങ്ങിയതായി ഡൗണ്‍സ്ട്രീറ്റ് വക്താവ് അറിയിച്ചിട്ടുണ്ട്. ഇതിനായി ചെക്ക് പ്രധാനമന്ത്രിയുമായി കാമറൂണ്‍ ഫോണില്‍ സംസാരിച്ചു.

ഹംഗറിയും പോളണ്ടും സ്ലോവാക്യയും ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാമെന്ന ബ്രിട്ടന്റെ നിലാപടിനെ ചെക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.