60 മില്യന്‍ പൗണ്ട് സര്‍ക്കാര്‍ സഹായത്തിനായി നിസ്സാന്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്. സന്‍ഡര്‍ലാന്‍ഡ് നിര്‍മാണ പ്ലാന്റില്‍ നിന്നായിരിക്കും പുതിയ എക്‌സ്-ട്രെയില്‍ മോഡലുകള്‍ പുറത്തിറക്കുക എന്ന വാഗ്ദാനത്തില്‍ നിന്ന് കമ്പനി പിന്നോട്ടു പോയതിനു പിന്നാലെയാണ് ഈ നിര്‍ദേശവുമായി ബിസിനസ് സെക്രട്ടറി രംഗത്തെത്തിയത്. 2016 ഒക്ടോബറില്‍ സര്‍ക്കാരുമായി കമ്പനി ഏര്‍പ്പെട്ട കരാറിന്റെ വിവരങ്ങള്‍ ഇന്നലെയാണ് പുറത്തു വന്നത്. സന്‍ഡര്‍ലാന്‍ഡ് പ്ലാന്റില്‍ നിന്നായിരിക്കും എക്‌സ്-ട്രെയില്‍, ക്വാഷ്‌കായി എന്നിവയുടെ പുതിയ മോഡലുകള്‍ പുറത്തിറങ്ങുക എന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചതനുസരിട്ട് എക്‌സ്-ട്രെയില്‍ മോഡല്‍ ഇവിടെ നിര്‍മിക്കില്ല.

ബ്രെക്‌സിറ്റ് ഭീതിയില്‍ നിരവധി വ്യവസായങ്ങള്‍ ബ്രിട്ടന്‍ വിട്ട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നിസ്സാന്‍ മാത്രമാണ് രാജ്യത്ത് തുടരുമെന്ന് അറിയിച്ചത്. ഇതിനായി ആദ്യ ഘട്ടത്തില്‍ 80 മില്യന്‍ പൗണ്ട് സഹായം സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. പിന്നീട് കഴിഞ്ഞ സമ്മറില്‍ ഇത് 61 മില്യന്‍ പൗണ്ട് എന്ന് ഉറപ്പിച്ചു. ഇതുവരെ 2.6 മില്യന്‍ പൗണ്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. എക്‌സ്-ട്രെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതോടെ അധികമായുണ്ടാകാനിടയുള്ള 740 തൊഴിലവസരങ്ങളാണ് ഇല്ലാതാകുന്നത്. കമ്പനിയുടെ നടപടിയിലൂടെ ഇവ ഇല്ലാതാകുന്നതില്‍ നിരാശയുണ്ടെന്നും ക്ലാര്‍ക്ക് പറഞ്ഞു. ക്വാഷ്‌കായി നിര്‍മാണത്തിനായി സന്‍ഡര്‍ലാന്‍ഡ് പ്ലാന്റിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടായിരുന്നുവെന്നും എന്നാല്‍ എക്‌സ്-ട്രെയില്‍ പദ്ധതി ഒഴിവാക്കുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബിസിനസ് സംബന്ധിച്ച് വിശാലമായി ചിന്തിക്കുമ്പോള്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് നിസ്സാന്‍ വിശദീകരിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധമാണ് കമ്പനി എടുത്തു കാണിക്കുന്ന പ്രധാന വിഷയം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക ഇനി നല്‍കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് കമ്പനി വീണ്ടും അപേക്ഷിക്കേണ്ടി വരുമെന്ന മറുപടി നല്‍കിയത്. പഴയ വ്യവസ്ഥകള്‍ അതേപടി നിലനില്‍ക്കുകയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കമ്പനി ധനസഹായത്തിനായി വീണ്ടും അപേക്ഷിക്കണമെന്നാണ് ബിസിനസ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.