ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മന്ത്രിസഭാ പുനഃസംഘടനയിൽ സർക്കാരിലേയ്ക്ക് നാടകീയമായ തിരിച്ചുവരവ് നടത്തിയതിന് ശേഷം, പ്രധാനമന്ത്രി ഋഷി സുനക്കിനെ ഈ ‘ദുഷ്കരമായ സമയത്ത്’ പിന്തുണയ്ക്കുമെന്ന് ഡേവിഡ് കാമറൂൺ പറഞ്ഞു. രാജ്യത്തെ പലസ്തീൻ റാലിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനെ പുറത്താക്കിയതോടെയാണ് കാമറൂണിന് മന്ത്രിസഭയിലേക്ക് വഴിതുറന്നത്. വിദേശ സെക്രട്ടറി ജെയിംസ് ക്ലെവർലിയെ സുവല്ലയ്ക്ക് പകരം നിയമിച്ചു. ക്ലെവർലിക്ക് പകരക്കാരനായാണ് മുൻ പ്രധാനമന്ത്രി കാമറൂൺ ക്യാബിനറ്റിൽ തിരിച്ചെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം കാമറൂൺ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചതായി വിദേശകാര്യ ഓഫീസ് പറഞ്ഞു. 2010 മേയിലാണ് ഡേവിഡ് കാമറൂൺ ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. 2016 ജൂൺ 23ന് നാഷണൽ റെഫറാൻഡത്തിലൂടെ യൂറോപ്യൻ യൂണിയനിൽ ( ഇ.യു ) നിന്ന് ബ്രിട്ടൻ പുറത്തുകടക്കുന്നതിന് ( ബ്രെക്സിറ്റ് ) വോട്ടർമാർ അംഗീകാരം നൽകിയതിന് പിന്നാലെ കാമറൂൺ രാജിവച്ചു. വിദേശ സെക്രട്ടറി റോളിലുള്ള കാമറൂണിന്റെ മടങ്ങിവരവ് ഏറെ ആകാംഷയോടെയാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിൽ നടന്ന പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തവരെ വിദ്വേഷ പ്രതിഷേധക്കാരെന്ന് സുവെല്ല വിശേഷിപ്പിച്ചിരുന്നു. ഇവർ നിയമ ലംഘനം നടത്തിയിട്ടും ലണ്ടൻ പൊലീസ് അവഗണിച്ചെന്നും മൃദു സമീപനം സ്വീകരിച്ചെന്നും കു​റ്റപ്പെടുത്തി. സംഘാടകർക്ക് ഹമാസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സുവെല്ല പറഞ്ഞു. പിന്നാലെ സുവെല്ലയെ പുറത്താക്കാൻ ഋഷിക്ക് മേൽ സമ്മർദ്ദമേറുകയായിരുന്നു. ഇത് രണ്ടാം തവണയാണ് 43കാരിയായ സുവെല്ലയ്ക്ക് ആഭ്യന്തര സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നത്.

വിവാദങ്ങൾ നിരവധി

വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട നേതാവാണ് സുവെല്ല. രാജ്യത്തെ അഭയാർത്ഥി പ്രതിസന്ധിയെ ഇവർ അധിനിവേശമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ രാജ്യത്തേക്കെത്തുന്ന അഭയാർത്ഥികളെ കുറിച്ചായിരുന്നു പരാമർശം. അനിയന്ത്രിത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടണിൽ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് ആരോപിച്ചതും വിവാദമായിരുന്നു.