ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൽസരത്തിനിടെ കളിക്കാര്‍ തമ്മില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ആദ്യ ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു സംഭവം നടന്നത്. ഓസ്ട്രേലിയയുടെ ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും തമ്മിലാണ് വാക്കേറ്റവും ഉന്തും തളളും ഉണ്ടായത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡ്രസിങ് റൂമിലേക്ക് വരുന്ന താരങ്ങളില്‍ വാര്‍ണറെ സഹതാരങ്ങള്‍ പിടിച്ച് മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരുവരും ഉന്തും തളളും ആയെങ്കിലും ഉസ്മാന്‍ ഖ്വാജ ആദ്യം വാര്‍ണറെ പിടിച്ചുമാറ്റി. നഥാന്‍ ലിയോണും ഡി കോക്കുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

ഡി കോക്കിനെ ആക്രമിക്കാനായി വാര്‍ണര്‍ അടുത്തപ്പോള്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പറായ ടിം പൈന്‍ ആണ് പിടിച്ചുമാറ്റിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതായും അന്വേഷണം നടത്തുമെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. വ്യക്തമായ വിവരം ലഭിക്കാതെ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 293 റണ്‍സ് എന്ന നിലയിലാണ്. കളിക്കളത്തിലും ഡി കോക്കും വാര്‍ണറും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വാര്‍ണറെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗ്രേം സ്മിത്തും രംഗത്തെത്തി. വിഡ്ഢിയാണ് വാര്‍ണറെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ