ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി ……. “ആരാധനാ ഭ്രാന്തു മൂത്ത ലാലേട്ടന്‍ ഫാനാണോ നീ……” പതിനെട്ടു വയസുള്ളപ്പോ ലാലേട്ടന്‍റെ മുഖം മരത്തില്‍ കൊത്തിയുണ്ടാക്കി അഗ്നിദേവന്‍ സിനിമാ സെറ്റില്‍ പോയി ലാലേട്ടന് നേരിട്ട് കൊടുത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ കണ്ടു ഒരു കൂട്ടുകാരന്‍ എന്‍റെ മുഖത്തു നോക്കി ചോദിച്ച ചോദ്യമാണിത്…

എനിക്കെല്ലാവരെയും ഇഷ്ടമാണ് മമ്മൂട്ടിയെയും യേശുദാസിനെയും രാജനീകാന്തിനെയും ദിലീപിനെയും മണിചെട്ടനെയും എല്ലാവരെയും ..ഇവര്‍ക്കൊക്കെ അവരുടെ മുഖം എന്‍റെ സൃഷ്ടികളായ്മരത്തിലും നൂലിലും ഒക്കെയായി കൊണ്ട് കൊടുത്തിട്ടുണ്ട് പക്ഷേ എല്ലാവര്ക്കും ഉള്ള പോലെ ലലെട്ടനോട് കുറച്ചു കൂടുതല്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ മറുപടിയില്ല എന്നാലോ എന്‍റെ സ്രിഷ്ടികളിലൂടെ പലര്‍ക്കും മനസിലാകുന്ന ഒരു കാര്യമുണ്ട് ഇത് ചെറുതൊന്നുമല്ല മോനെ ..ലാലേട്ടന്‍റെ കട്ട ഫാനാണ് എന്ന് .

ഒരു മൗനസമ്മതം പോലെ ഞാന്‍ ഓര്‍ക്കും ഉള്ളം നൂലില്‍ തീര്‍ത്ത ലാലേട്ടന്‍റെ മുഖമടക്കം എത്രമാത്രം ചിത്രങ്ങള്‍ ഞാന്‍ വരച്ചിരിക്കുന്നു എത്ര ശില്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു ആനപ്പുറത്തിരുന്നു റ്റാറ്റാ കൊടുക്കുന്ന ലാലേട്ടന്‍ ,പട്ടാള വേഷത്തിലെ ലാലേട്ടന്‍, ബുള്ളറ്റില്‍ പോകുന്ന ലാലേട്ടന്‍ അടുക്കളയിലെ പാത്രങ്ങള്‍ ഉപയോഗിച്ച് വരെ ലാലേട്ടന്റെ മുഖം ഉണ്ടാക്കിവൈറലായി മാറിയിട്ടുണ്ട് പുലിമുരുകന്‍ ലാലേട്ടന്‍ ,ഒടിയന്‍ ലാലേട്ടന്‍ വരാന്‍ പോകുന്ന കുഞ്ഞാലി മരക്കാര്‍ ലാലേട്ടനെ വരെ ഉണ്ടാക്കിക്കഴിഞ്ഞു.
ഇതൊക്കെ മലയാളികള്‍ക്ക് ലാലെട്ടനോടുള്ള ആരാധനയുടെ ഇഷ്ടത്തിന്‍റെ അങ്ങേയറ്റത്തിനുമാപ്പുറമാണോ എന്ന് എനിയ്ക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് . സിനിമാ പ്രാന്തന്‍ എന്ന് പറഞ്ഞു പുശ്ചിച്ചു തള്ളാന്‍ വരട്ടെ ഇതൊക്കെയെന്ത് എന്ന് ചോദിക്കരുത് എന്നെ ഞെട്ടിച്ചത് അല്ലെങ്കില്‍ നിങ്ങളിനി ഞെട്ടാന്‍ പോകുന്നത് ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരിയെക്കുറിച്ചറിയുമ്പോഴാണ് .

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ ദേവാസുരം, മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്‍റെ തൂലികയില്‍ വിരിഞ്ഞ ദേവാസുരം സിനിമയോടുള്ള ആരാധന
ഇതെല്ലാം നെഞ്ചിലേറ്റി സ്വന്തം വീട് മ്യൂസിയമായി മാറ്റിയ ടോബിന്‍ ജോസഫ് എന്ന ചെറുപ്പക്കാരന്‍റെ ആത്മ സമര്‍പ്പണം കാണുമ്പോ ഞാന്‍ ചെയ്ത കാര്യങ്ങള്‍ എത്രയോ ചെറുതാണ് എന്ന് ചിന്തിച്ചു പോയി .
ഇരുപത്തഞ്ചു വര്‍ഷം മുന്പ് തിരക്കഥയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന രഞ്ജിത്ത് – ഐ വി ശശി കൂട്ടുകെട്ടിന്‍റെ ദേവാസുരം സിനിമയിലൂടെ ലാലേട്ടന്‍റെ കടുത്ത ആരാധനയില്‍ കൊണ്ട് നടന്ന തീരുമാനമാണ് ഇപ്പൊ മ്യൂസിയമായി പിറക്കുന്നത് .

ഞാനുണ്ടാക്കിയ ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും മോഹന്‍ലാലിന്‍റെയും ശില്പങ്ങളുമായി ചങ്ങനാശ്ശേരിയില്‍ സൃഷ്ടിക്കപ്പെട്ട ടോബിന്‍റെ മംഗലശ്ശേരി വീട്ടിലെത്തിയപ്പോ അക്ഷരാര്‍ത്ഥത്തില്‍ അവിടത്തെ കാഴ്ചകള്‍ എന്നെ അത്ഭുത പ്പെടുത്തി.

മുറ്റത്തുള്ള മണ്ടപത്തില്‍ ചാരുകസേരയില്‍ ഇരിക്കുന്ന ലാലേട്ടന് നേരെ നീട്ടിപ്പിടിച്ച ചിലങ്കയുമായി നില്ക്കുന്ന രേവതിയുടെ പ്രതിമ ഒരു വശത്ത്. മറുവശത്ത് ജീപ്പിനു ചുറ്റും നില്‍ക്കുന്ന മങ്ങലശേരിയിലെ നീലകണ്ടന്റെ വലം കൈകളായ രാജു രാമു ശ്രീരാമന്‍ അഗസ്റ്റിന്‍ എന്നിവര്‍… എല്ലാം ഉണ്ടാക്കിവെച്ച പ്രതിമകളാണ് ജീപ്പിനു നടുവില്‍ മംഗലശ്ശേരി എന്നെഴുതിയിരിക്കുന്നു ആ സിനിമയിലെ അതേ നമ്പര്‍ KL-0A 2221. പഴയ ഏതോ ജീപ്പ് വാങ്ങി പെയിന്‍റ്അടിച്ചു എഴുതി വെച്ചിരിക്കുന്നതായിരിക്കും എന്ന് കരുതി ചോദിച്ചു അവിടെയാണ് ടോബിന്‍ എന്ന ലാലേട്ടന്‍ ആരാധകന്‍റെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ കഥയറിയുന്നത്.

പാലക്കാട് ഒരു മനുശ്ശേരി കുടുംബത്തിന്‍റെ കയ്യിലുള്ളപ്പോഴാണ് ഒറ്റപ്പാലത്തെ വരിക്കാശേരിയിയില്‍ (ദേവാസുരം സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ ലാലേട്ടന്‍റെ കൂടെ കാണിക്കുന്ന ജീപ്പ്) ഷൂട്ടിങ്ങിന് കൊണ്ട് വരുന്നത് സിനിമയ്ക്ക് ശേഷം അത് മറ്റൊരാള്‍ക്ക് അവര്‍ വിറ്റിരുന്നു ഇരുപത്തഞ്ചു വര്‍ഷത്തിനു ശേഷം ജീപ്പ് സ്വന്തമാക്കാന്‍ ഈ നമ്പറിലുള്ള വണ്ടി ആരെടുത്താണ് എന്നറിയാന്‍ ഗൂഗിളില്‍ തപ്പിയപ്പോഴാണു ആലത്തൂരുള്ള ശശീന്ദ്രന്‍ എന്ന ആളിന്‍റെ കയ്യിലാണ് വണ്ടി എന്നറിയുന്നത് ആലത്തൂരെത്തിയ ടോബിന്‍ ഒരുപാട് നേരം സംസാരിച്ചിട്ടും ലാലേട്ടന്‍ ആരാധകനായ ശശീന്ദ്രന്‍ വണ്ടി കൊടുക്കാന്‍ തയ്യാറായില്ല അവസാനം ലാലേട്ടന് വേണ്ടി തയ്യാറാക്കുന്ന മ്യൂസിയത്തിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് വണ്ടി തരാന്‍ തയ്യാറായത് പറഞ്ഞ വില കൊടുത്ത് വാങ്ങി ചങ്ങനാശ്ശേരിയില്‍ എത്തിച്ചു.

തീര്‍ന്നില്ല എണ്ണത്തോണിയില്‍ കിടക്കുന്ന ലാലേട്ടനെ നെപ്പോളിയന്‍ ചവിട്ടുന്ന സീന്‍ ടോബിന് ഇഷ്ടപെടാത്തത് കൊണ്ടായിരിക്കണം മുണ്ടക്കല്‍ ശേഖരന്‍റെ കവിളത്ത് അടിയ്ക്കുന്ന നീലകണ്ടന്‍റെ ചലനാത്മക പ്രതിമ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്.

മുകളിലത്തെ നിലയില്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലെ ലാലേട്ടന്‍റെ കുറെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു രാവണപ്രഭുവിലെ ലാലേട്ടനെയും സായ്കുമാറിനെയും സിദ്ദിക്കിനെയും ജഗതിയും വസുന്ധരാദാസിനെയും ഒക്കെ ഉണ്ടാക്കണമെന്ന് എന്നോട്പറഞ്ഞു കാര്‍പോര്‍ച്ചില്‍ ഞാനുണ്ടാക്കിയ ആനയും ഉണ്ട്…

ചുവരുകളില്‍ ആ സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗുകള്‍ വളരെ അടക്കത്തോടുകൂടിത്തന്നെ ചെറിയ മരത്തടികളില്‍ എഴുതി വെച്ചിരിക്കുന്നു ഒരിടത്ത് ചുമരിലെ തട്ടില്‍ ഒരു ഹോര്‍ലിക്സ് കുപ്പിയില്‍ കുറെ പല്ലുകള്‍ ഇട്ടു വെച്ചിരിക്കുന്നു രാവണപ്രഭുവില്‍ സിദ്ദിക്കിനോട് ലാലേട്ടന്‍ പറയുന്ന ഡയലോഗ് ആരും മറക്കാനിടയില്ല .
ലാലേട്ടന്‍ ഫാനായിരുന്ന ടോബിന്‍റെ പപ്പ മരിച്ചപ്പോള്‍ തോന്നിയ ആശയം പപ്പയുടെ ഓര്‍മയ്ക്കായ്സ്വന്തം വീട് മംഗലശ്ശേരിയായി പുനസ്രിഷ്ടിക്കുകയാണ് ടോബിന്‍… ദേവാസുരം സിനിമയിലെ ഓരോ ഡയലോഗും ടോബിന് കാണാപ്പാഠമാണ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്ന ഓരോ സീനുകളും.

ഈ മ്യൂസിയത്തിന്‍റെ ജോലി ആരംഭിച്ച കാലഘട്ടം മുതല്‍ പ്രോത്സാഹനവും പിന്തുണയും കൊടുത്ത് കൊണ്ടും അയല്‍വാസിയും സംവിധായകനുമായ ജോണി ആന്റണിയുംസഹായത്തിനുണ്ട് അഞ്ചു വര്‍ഷമായി തുടങ്ങിയ പ്രയത്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

അവിടത്തെ ഫോണ്‍ നമ്പറിനു വരെയുണ്ട് ലാലേട്ടന്‍ ടച്ച്‌ 2255 പണികള്‍ പൂര്‍ത്തിയാകുന്നതെയുള്ളൂ….നാല് മാസം കൂടിക്കഴിഞ്ഞാല്‍ കടുത്ത ലാലേട്ടന്‍ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമായി പൊതു ജനങ്ങള്‍ക്ക്‌ കാഴ്ചകള്‍ ആസ്വദിക്കാനും കാണാനുമായി മംഗലശ്ശേരി മ്യൂസിയം തുറന്നുകൊടുക്കാനും ടോബിന് പരിപാടിയുണ്ട്… അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണിപ്പോള്‍ .

ദേവാസുരം സിനിമയുടെ ഇരുപത്തഞ്ചാം വാര്‍ഷികമായ അവസരത്തില്‍ മംഗലശ്ശേരി നീലകണ്ടനും സഹകഥാപാത്രങ്ങളും തകര്‍ത്താടിയ രംഗങ്ങള്‍ മ്യൂസിയത്തിലെ ശില്പങ്ങളിലൂടെ നമുക്ക് നേരിട്ട് കാണാനും കണ്ടു മറന്നുപോയ സീനുകള്‍ ഓര്‍മിക്കുവാനുമുളള അവസരവുമാണ് ഒരുങ്ങുന്നത്.

തമിഴ് നാട്ടിലെ സിനിമാ താരങ്ങളോടുള്ള പ്രണയം വിവിധ കഥകളായി മുന്‍പ്നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട് ഇങ്ങനെയൊന്നു കേരളത്തില്‍ ഉണ്ടെന്നത് ചിലപ്പോള്‍ നമ്മുടെ ലാലേട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്‍ പോലും ചിലപ്പോ അറിഞ്ഞു കാണില്ല .. പക്ഷെ സത്യമാണ് ….ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി.

നമ്മുടെ ലാലേട്ടനും രഞ്ജിത്തും അവിടെ എത്തിച്ചേരും എന്നാണു പ്രതീക്ഷിക്കുന്നത് എന്നെക്കാള്‍ വലിയ കട്ട ഫാന്‍ ടോബിന്‍ജോസഫ് ഒരുക്കിയ ലാലേട്ടന്‍ സിനിമയുടെ മ്യൂസിയം കാണാന്‍ വരും …..ഇവരോടുള്ള ഏറ്റവും വലിയ ആദരവല്ലേ ഈ മ്യൂസിയം ……

ഈ കുറിപ്പ് ലാലേട്ടന്‍ കാണുന്നുണ്ടെങ്കില്‍ വരും വരാതിരിക്കില്ല ,

ഡാവിഞ്ചിസുരേഷ്