യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് തള്ളിക്കയറിയ സംഭവത്തിൽ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. വാഷിംഗ്ടൺ പോലീസ് അക്രമികളിൽനിന്ന് അഞ്ച് തോക്കുകൾ പിടിച്ചെടുത്തു. വാഷിംഗ്ടണിനു പുറത്തുനിന്നുള്ളവരും അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് പറയുന്നു. സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. നിലവിൽ കാപ്പിറ്റോൾ പരിസരത്തുനിന്നും പ്രതിഷേധക്കാരെ പോലീസ് നീക്കിയിട്ടുണ്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. ഇവർക്ക് നെഞ്ചിലാണ് വെടിയേറ്റത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്ത്തിവയ്ക്കുകയും പാർലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
എന്നാൽ പാർലമെന്റ് കലാപവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. അക്രമികൾ പിരിഞ്ഞുപോകണമെന്നും തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതായി ആരോപിക്കുകയും ചെയ്യുന്ന ട്രംപിന്റെ വീഡിയോ സന്ദേശം ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവ നീക്കം ചെയ്തു. ട്രംപിന്റെ സന്ദേശം അക്രമത്തെ പ്രോത്സാഹിപിക്കുന്നതാണെന്ന് ഫേസ്ബുക്ക് ആരോപിച്ചു. അതിനാലാണ് തങ്ങൾ ഇത് നീക്കം ചെയ്തെതന്നും ഫേസ്ബുക്ക് അറിയിച്ചു.
സംഘർഷത്തിനു മുൻപ് വാഷിംഗ്ടണിലെ നാഷണൽ മാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി അനുകൂലികളോട് ട്രംപ് പറഞ്ഞിരുന്നു. മണിക്കൂറുകൾക്കു ശേഷം കാപ്പിറ്റോൾ മന്ദിരത്തിനു പുറത്തും അകത്തും പ്രതിഷേധക്കാർ അഴിഞ്ഞാടി. സംഘർഷം വർധിക്കുമ്പോൾ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആവർത്തിച്ചു. ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ നീക്കം ചെയ്തത്. ട്വിറ്റർ തുടക്കത്തിൽ ഈ വീഡിയോ നീക്കം ചെയ്തിട്ടില്ലെങ്കിലും റീ ട്വീറ്റ് ചെയ്യുന്നത് തടഞ്ഞു. പിന്നീട് ട്വിറ്ററും ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു
Leave a Reply