ചെന്നൈ∙ തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്നു സ്ഥിരീകരിച്ചു. ജെസ്നയേക്കാൾ പ്രായമുള്ള സ്ത്രീയുടേതാണ് ശരീരം. മുലപ്പാൽ നൽകുന്ന സ്ത്രീയാണെന്നും കണ്ടെത്തി. ഇതേത്തുടർന്ന്, പത്തനംതിട്ടയിൽനിന്നു പോയ അന്വേഷണ സംഘം നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. ജെസ്നയുടെ സഹോദരനും മൃതദേഹം ജെസ്നയുടേതല്ലെന്നു പറഞ്ഞിരുന്നു. മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക നിഗമനമനുസരിച്ച് ഇരുപതു വയസ്സിലേറെ പ്രായമുള്ളയാളുടേതാണ് മൃതദേഹം.

അതേസമയം, ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടി ആലോചിക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയ്ക്കു സമീപം ചെങ്കൽപ്പേട്ടിലെ പഴവേലിയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മലയാളിയുടേതാണെന്നു സംശയമുയർന്നതിനാൽ അന്വേഷണത്തിനായി കേരളത്തിൽ നിന്നുളള പൊലീസ് സംഘം ചെന്നൈയിലെത്തിയിരുന്നു.

കത്തിക്കരിഞ്ഞ മ‍‌ൃതദേഹം കണ്ടെത്തിയ സ്ഥലം

മുഖം തിരിച്ചറിയാനാകാത്ത രീതിയിൽ മൃതദേഹം കത്തിക്കരിഞ്ഞിട്ടുണ്ട്. വാഹനത്തിൽ കൊണ്ടുവന്നു രാത്രി തീ കൊളുത്തിയതാണെന്നാണ് സംശയം. തമിഴ്നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടർന്ന് കേരള പൊലീസ് സംഘം ഇന്നലെ രാത്രി വൈകി ചെങ്കൽപേട്ടിലെത്തി. ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുൾപ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാലാണ് സ്ഥിരീകരണത്തിനു ഡിഎൻഎ പരിശോധനയ്ക്കു നടപടി സ്വീകരിക്കുന്നത്.

ജെസ്നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലിൽ ക്ലിപ്പുണ്ട്. ഉയരം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട്. എന്നാൽ, മൃതദേഹത്തിൽ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരിൽ പായ്ക്ക് ചെയ്തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ വിജനമായ പഴവേലിയിലെ റോഡരികിൽ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോൾ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽനിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോൾ സംഘത്തെ കണ്ട് രണ്ടുപേർ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുൾപ്പെടെ കേരള ഡിജിപി തമിഴ്നാട്, കർണാടക പൊലീസിനു കൈമാറിയിരുന്നു. പല്ലിലെ ക്ലിപ്പ്, ഉയരമുൾപ്പെടെ ശരീരപ്രകൃതി എന്നിവയിൽ സാമ്യമുള്ളതിനാൽ ചെങ്കൽപേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറി. വിരലടയാളമെടുക്കുന്നതിനായി പൊലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലുകൾക്കു സാരമായ പൊള്ളലുള്ളതിനാൽ അതു നടന്നില്ല.