ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെ ഇടം നേടിയിരിക്കുകയാണ് 3 യുകെ യൂണിവേഴ്സിറ്റികൾ. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലാണ് ബ്രിട്ടനിലെ മൂന്ന് സർവകലാശാലകൾ മുന്നിലെത്തിയിരിക്കുന്നത്. 108 രാജ്യങ്ങളിൽ നിന്നുള്ള 1900 ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ താരതമ്യം ചെയ്ത് 18 വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അധ്യാപനം, ഗവേഷണ അന്തരീക്ഷം, റിസർച്ച് ക്വാളിറ്റി, അന്തർദേശീയ വീക്ഷണം മുതലായ വ്യത്യസ്ത മാനദണ്ഡങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത് ഓക്സ്ഫോർഡ് സർവകലാശാലയാണ്. 100 ൽ 98.5 സ്‌കോറോടെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. തീർച്ചയായും എട്ടാം വർഷമാണ് ഓക്സ്ഫോർഡ് ഇത്തരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. യുകെയിൽ നിന്ന് അടുത്ത മികച്ച സർവകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ആണ്. എന്നിരുന്നാലും കേംബ്രിഡ്ജ് കഴിഞ്ഞവർഷത്തേക്കാൾ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി 97.5 സ്‌കോറോടുകൂടി അഞ്ചാംസ്ഥാനത്താണ് ഇപ്പോൾ.


95.1 സ്കോർ നേടുകയും, അന്താരാഷ്ട്ര വീക്ഷണത്തിന് പ്രത്യേകിച്ച് ഉയർന്നതായി (98.3) അടയാളപ്പെടുത്തുകയും ചെയ്ത ലണ്ടനിലെ ഇംപീരിയൽ കോളേജാണ് പട്ടികയിൽ പത്താം സ്ഥാനത്ത്. ഹാർവാർഡ്, സ്റ്റാൻഫോർഡ്, പ്രിൻസ്റ്റൺ, യേൽ സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ സ്ഥാപനങ്ങളാണ് ആദ്യ പത്തിൽ ബാക്കിയുള്ളത്. ലോകത്തിൽ നിലവിലുള്ളതിൽ ഏറ്റവും ആധികാരികമായ പട്ടികകളിൽ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.