മരിച്ചെന്ന് മൂന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കിടത്തിയ ടേബിളില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന വാര്‍ത്ത ഇതിന് മുന്‍പ് കേട്ടിട്ടുണ്ടോ? എന്നാല്‍ സംഭവം സത്യമാണ്. സ്പെയിനില്‍ ആണ് മരിച്ചെന്ന് കരുതിയ ആള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ വില്ലബോന ജയിലിലെ തടവ് പുള്ളിയായ ഗോണ്‍സാലോ മൊണ്‍ടോയ എന്ന ഇരുപത്തിയൊന്‍പത്കാരനാണ് ഈ അവിശ്വസനീയ കഥയിലെ നായകന്‍.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് ഗോണ്‍സാലോയെ സ്വന്തം സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലത്തെ പതിവ് അസംബ്ലിക്ക് ഗോണ്‍സാലോ എത്താതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ അനക്കമില്ലാതെ സെല്ലില്‍ കിടക്കുന്നത് കണ്ടത്. പരിശോധനയില്‍ ജീവനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണാത്തതിനാല്‍ ജയില്‍ ഡോക്ടറെ വിളിച്ച് വരുത്തി പരിശോധന നടത്തി. ഗോണ്‍സാലോ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതുകയും ചെയ്തു. ജയില്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ഡോക്ടര്‍മാര്‍ കൂടി ശരി വച്ചതോടെ ഇയാളുടെ ശരീരം ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയില്‍ എത്തിച്ച ഗോണ്‍സാലോയുടെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഓട്ടോപ്സി എടുക്കുന്നതിനുള്ള മാര്‍ക്കിംഗുകളും നടത്തിയ ശേഷം മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന ബാഗിലാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി വച്ചു. മണിക്കൂറുകള്‍ക്ക് ശേഷം അവിടെ എത്തിയ മറ്റൊരു ഡോക്ടര്‍ ആണ് ആരോ കൂര്‍ക്കം വലിക്കുന്നത് പോലുള്ള ശബ്ദം കേട്ടതും ബാഗ് തുറന്ന് പരിശോധിക്കുന്നതും.
ഗോണ്‍സാലോ മരിച്ചു എന്ന് അറിയിച്ചതനുസരിച്ച് ബോഡി ഏറ്റു വാങ്ങാന്‍ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം മാര്‍ക്കിംഗുകളുമായി ടേബിളില്‍ കിടന്ന ഗോണ്‍സാലോ ഭാര്യ എവിടെ എന്നന്വേഷിക്കുന്നത് കേട്ട ഇവരും നടുങ്ങി.
ശരീരഭാഗങ്ങള്‍ മൃതതുല്യമായ അവസ്ഥയില്‍ ജീവനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത കാറ്റലപ്സി എന്ന അവസ്ഥയില്‍ ആയിരുന്നു ഗോണ്‍സാലോ എന്നും അത് കൊണ്ടാണ് ആദ്യം പരിശോധിച്ച ഡോക്ടര്‍ക്ക് ഇയാള്‍ക്ക് ജീവനുണ്ട് എന്ന് മനസ്സിലാകാതെ ഇരുന്നത് എന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മൂന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടയിടത്ത് പിന്നീടുള്ള രണ്ട് പേരും ആദ്യ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്യുക മാത്രമാണ് ഉണ്ടായത്.
ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply