പത്തനാപുരത്ത് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് മാതാവിന്റെ മൃതദേഹം കല്ലറ പൊളിച്ച് മകന്‍ കടത്തിയത് ആഭിചാര പ്രവര്‍ത്തനത്തിനെന്ന് സൂചന. കൊല്ലത്തിന്റെ കിഴക്കന്‍മേഖലയില്‍ ദുര്‍മന്ത്രവാദവും ആഭിചാരവും വര്‍ധിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
55 ദിവസത്തിന് മുമ്പ് മരിച്ച 88 കാരിയുടെ മൃതദേഹം പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് കടത്തിയതായി കണ്ടെത്തിയത് ഇന്നലെ രാവിലെയാണ്. രാവിലെ പള്ളിയില്‍ കുര്‍ബാനക്കെത്തിയ നാട്ടുകാര്‍ സെമിത്തേരിയിലെ കല്ലറ പൊളിച്ചിരിക്കുന്നതു കണ്ടു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹമാണ് മകന്‍ തങ്കച്ചന്‍ (55) കല്ലറ തകര്‍ത്തു പുറത്തെടുത്തത്. ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം സെമിത്തേരിയില്‍ മെഴുകുതിരി കത്തിക്കാനായി എത്തിയവരാണു കല്ലറ തകര്‍ത്ത വിവരം പള്ളി വികാരിയെ അറിയിച്ചത്. ശവപ്പെട്ടി കല്ലറയ്ക്കു സമീപം തുറന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്നു പള്ളി അധികൃതര്‍ കല്ലറയില്‍ നടത്തിയ പരിശോധനയിലാണു മൃതദേഹവും കല്ലറയില്‍ നിന്നും കാണാതായതായി സ്ഥിരീകരിച്ചത്. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരിച്ച കുഞ്ഞേലിയുടെ കുടുംബ വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍നിന്നും മ്യതദേഹം കണ്ടെത്തുകയായിരുന്നു.
ശരീരാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ടു കുഞ്ഞേലിയുടെ മകന്‍ തങ്കച്ചനെ (55) പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ അമ്മ മരിച്ചിട്ടില്ലന്നും പറമ്പില്‍ ഉണ്ടന്നുമാണു പോലീസിനോട് തങ്കച്ചന്‍ പറഞ്ഞത്. തുടര്‍ന്നു ചാക്കിലാക്കിയ മ്യതദേഹം പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ മ്യതദേഹം കഴിഞ്ഞ മാര്‍ച്ച് 27-നാണു പള്ളി സെമിത്തേരിയില്‍ അടക്കിയത്. കഴിഞ്ഞ ചെവ്വാഴ്ച്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ശേഷമായിരിക്കാം കല്ലറ തകര്‍ത്തതെന്നാണു പോലീസ് പറയുന്നത്. തിങ്കളാഴ്ചവരെ മറ്റു കല്ലറകളില്‍ മെഴുകിതിരി കത്തിക്കാല്‍ വിശ്വാസികള്‍ എത്തിയിരുന്നു. തെളിവെടുപ്പിനുശേഷം
വീട്ടുകാര്‍ക്കു വിട്ടു നല്‍കിയ ശരീരാവശിഷ്ടങ്ങള്‍ പള്ളിസെമിത്തേരിയില്‍ വീണ്ടും അടക്കം ചെയ്തു. പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അമ്മയ്‌ക്കെന്തോ അപകടം പറ്റിയെന്നും അമ്മയുടെ ശരീരഭാഗങ്ങള്‍ ചിലര്‍ കൊണ്ടുപോയെന്നും ബാക്കി ഞാന്‍ എടുത്തുകൊണ്ടുവന്നു എന്നുമാണ് ഇയാള്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വിശ്വാസികള്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആഭിചാര കര്‍മങ്ങള്‍ക്കായാണോ മൃതദേഹം കടത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. അന്‍പത്തി അഞ്ച് വയസ്സുള്ള ഇയാള്‍ ഒറ്റയ്ക്ക് ശ്രമിച്ചാല്‍ കല്ലറ പൊളിക്കാനാവില്ലെന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശ്രമിച്ചാല്‍ മാത്രമേ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനാവൂ. പത്തനാപുരം മേഖലയില്‍ ആഭിചാര ക്രിയകളും മന്ത്രവാദങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളില്‍ മനുഷ്യന്റെ എല്ലുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നടന്നത്.
Leave a Reply