ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയുമായുള്ള ബ്രിട്ടന്റെ ബന്ധം ഉലയുന്നു. സ്‌ക്രിപാലിന്റെ വധശ്രമത്തിനു പിന്നില്‍ മോസ്‌കോയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു. വിഷയത്തില്‍ ഇന്ന് അര്‍ദ്ധരാത്രിക്കുള്ളില്‍ റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇത് റഷ്യന്‍ നിര്‍മിത വിഷമാണെന്ന് വ്യക്തമായിരുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. റഷ്യയുടെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം മോശം പെരുമാറ്റമാണ് ഇതെന്നും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വ്യക്തമാക്കി.

ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെ കോബ്ര മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഹോം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലായിരിക്കും ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി കമ്മിറ്റിയായ കോബ്ര യോഗം ചേരുക. അതേസമയം സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മോസ്‌കോ പ്രതികരിച്ചത്. നോവിചോക്ക് എന്ന റഷ്യന്‍ സൈനിക ഉപയോഗത്തിലുള്ള നെര്‍വ് ഏജന്റാണ് സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിച്ചതെന്ന് തെരേസ മേയ് തിങ്കളാഴ്ച കോമണ്‍സില്‍ പറഞ്ഞിരുന്നു. ഈ ആക്രമണത്തില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നതാണ് ഈ വിഷവസ്തുവിന്റെ ഉപയോഗം തെളിയിക്കുന്നത്. അല്ലെങ്കില്‍ റഷ്യയുടെ കൈകളില്‍ നിന്ന് ഇത് നഷ്ടപ്പെട്ട് മറ്റുള്ളവരില്‍ എത്തിയിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവയില്‍ എന്താണ് നടന്നിരിക്കുക എന്ന കാര്യം വിശദീകരിക്കണമെന്ന് ഫോറിന്‍ ഓഫീസ് റഷ്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ചക്കുള്ളില്‍ ഇതിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ മോസ്‌കോ രാജ്യത്തിനുള്ളില്‍ നടത്തിയ നിയമവിരുദ്ധ സൈനികപ്രവൃത്തിയായി ഇതിനെ കണക്കാക്കുമെന്നും അവര്‍ വ്യക്തമാക്കി. റഷ്യക്കെതിരെ മുമ്പില്ലാത്ത വിധത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ രാജ്യം തയ്യാറെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്റെ നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഫോണ്‍ സന്ദേശത്തില്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണെ അറിയിച്ചത്.

അതേ സമയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേയ് സര്‍ക്കസ് ഷോ നടത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവ് പറഞ്ഞു. പ്രകോപനത്തിലൂന്നിയ രാഷ്ട്രീയ പ്രചരണമാണ് ഇതെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു വ്‌ളാഡിമിര്‍ പുടിന്‍ ബിബിസിയോട് പറഞ്ഞത്.