കോവിഡ് ഭേദമായാലും രോഗത്തെ തുടര്‍ന്ന് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇതില്‍ പുതുതായി കണ്ടു വരുന്ന ഒന്നാണ് ഫംഗല്‍ ബാധ. മ്യൂകോര്‍മൈകോസിസ് എന്ന് അറിയപ്പെടുന്ന ഫംഗല്‍ ബാധയാണ് ഇപ്പോള്‍ കോവിഡ് മുക്തരായ രോഗികളില്‍ കാണപ്പെടുന്നത്. ബ്ലാക് ഫംഗസ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

ഈ ഫംഗല്‍ ബാധ നിസാരമായ ഒന്നല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ ഈ രോഗം ബാധിച്ച 2000 ഓളം പേര്‍ ചികിത്സയില്‍ ഉണ്ടെന്നതാണ് കണക്കുകള്‍. മൂക്കില്‍ തടസമുണ്ടാകുക, കണ്ണ്, കവിള്‍ എന്നിവിടങ്ങളില്‍ വരുന്ന നീര്, തലവേദന, ശരീര വേദന, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്.

കാഴ്ച നഷ്ടം മുതല്‍ മരണം വരെ ഈ ഫംഗല്‍ ബാധ മൂലം സംഭവിച്ചേക്കാം. ഈ ഫംഗസ് തലച്ചോറിനെ ബാധിച്ചാല്‍ രോഗിയുടെ നില വളരെ ഗുരുതരമാകും. ഇത് മരണത്തിലേക്ക് നയിക്കും എന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചര്‍മം കറുത്ത നിറമായി മാറുന്നത് ഈ ഫംഗല്‍ ബാധയുടെ പ്രധാന ലക്ഷണമാണ്.

പ്രതിരോധ ശേഷി കുറന്നതോടെയാണ് ഈ ഫംഗല്‍ ബാധ പിടിപെടുന്നത്. ലക്ഷണങ്ങള്‍ ഒന്നും തള്ളിക്കളയാതെ ഉടന്‍ തന്നെ ചികിത്സ നേടുക എന്നതാണ് പ്രധാനം. ഈ ഫംഗല്‍ ബാധ തലച്ചോറിനെ ബാധിക്കുന്നതിനാല്‍ പാരലൈസിസ്, ന്യൂമോണിയ, ചുഴലി തുടങ്ങിയ പല ലക്ഷണങ്ങളും ഇതിനുണ്ടാകാം.