ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കൻ നഗരമായ ബെനിയിലെ റെസ്റ്റോറന്റിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ ആറ് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടക വസ്തുക്കളുമായി വന്ന ആളെ കെട്ടിടത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പോലീസ് തടഞ്ഞു. എന്നാൽ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളും മറ്റ് അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട് .ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന തീവ്രവാദ സമൂഹമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സിന് സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം അധികൃതർ ഉന്നയിച്ചു. ഇതുവരെയും ഒരു ഭീകരവാദ സംഘടനയും അക്രമണത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
റസ്റ്റോറന്റിൽ ഏകദേശം 30 ലധികം ആളുകൾ ക്രിസ്‌തുമസ് ആഘോഷിക്കുന്നതിനിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത് എന്ന് രണ്ട് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയം കുട്ടികളും പ്രാദേശിക ഉദ്യോഗസ്ഥരും റസ്റ്റോറന്റിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചകളിലായി സൈന്യവും ഇസ്ലാമിസ്റ്റുകളും തമ്മിൽ ബെനിയിൽ പതിവായി ഏറ്റുമുട്ടലുകൾ നടന്നിരുന്നു. നവംബറിൽ ആക്രമണപരമ്പര അവസാനിപ്പിക്കുന്നതിനായി കോംഗോ, ഉഗാണ്ടൻ സേനകൾ എഡിഎഫിനെതിരെ സംയുക്ത പ്രവർത്തനം ആരംഭിച്ചിരുന്നു. തലസ്ഥാനമായ കമ്പാലയിൽ ഉൾപ്പെടെ രാജ്യത്ത് അടുത്തിടെ നിരവധി ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇതിനുപിന്നിൽ ഇസ്ലാമിസ്റ്റ് സംഘംഗങ്ങൾക്ക് ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
1990-കളിൽ മുസ്ലീങ്ങളോടുള്ള ഉഗാണ്ടൻ സർക്കാരിൻറെ പെരുമാറ്റത്തോട് അതൃപ്തരായവരാണ് തീവ്രവാദി സംഘടന രൂപീകരിച്ചത്. എന്നാൽ ഇത് പിന്നീട് പടിഞ്ഞാറൻ ഉഗാണ്ടയിൽ നിന്ന് തുരത്തപ്പെടുകയും അതിൻറെ ശേഷിപ്പുകൾ അതിർത്തികടന്ന് ഡി ആർ കോംഗോയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. ഇത് കിഴക്കൻ ഡിആർ കോംഗോയിൽ നിലയുറപ്പിക്കുകയും ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് സിവിലിയൻ കൊലപാതകങ്ങൾക്ക് കാരണമാവുകയും ചെയ്തു. മാർച്ചിൽ അമേരിക്ക എഡിഎഫിനെ ഐഎസ്(IS )മായി ബന്ധമുള്ള ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
Leave a Reply