ലണ്ടന്‍: ഡോണ്‍കാസ്റ്റര്‍ തടാകത്തില്‍ താറാവുകളെ കൂട്ടത്തോടെ കാണാതായ സംഭവത്തിലെ അന്വേഷണം വഴിത്തിരിവിലേക്ക്. വിനോദ സഞ്ചാരികള്‍ തടാകത്തില്‍ പിരാന്നകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മാംസം തീനി പിരാന്നകളാവാം താറാവുകളെ കൊന്നിരിക്കുന്നതെന്നാണ് പുതിയ നിഗമനം. നേരത്തെ തടാകത്തിലെ താറാവുകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. പിരാന്നകളുടെ സാന്നിധ്യമാവാം താറാവുകളുടെ അപ്രത്യക്ഷമാകലിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. ഡോണ്‍കാസ്റ്റര്‍ തടാകത്തില്‍ എങ്ങനെ പിരാന ഇനത്തില്‍പ്പെട്ട അപകടകാരികളായ മത്സ്യങ്ങളെത്തിയെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

മകനുമായി തടാകക്കരയിലൂടെ നടക്കുകയായിരുന്ന ദമ്പതികളാണ് ആദ്യമായി പിരാനയുടെ സാന്നിധ്യം കണ്ടെത്തിയത്. കരക്കടിഞ്ഞിരുന്ന അപൂര്‍വ്വ ഇനം മത്സ്യം ഏതാണെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് ആദ്യം സാധിച്ചിരുന്നില്ല. മത്സ്യത്തിന്റെ പല്ലുകളും ശരീര ആകൃതിയും പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കിയുപ്പോഴാണ് പിരാനയാണെന്ന കാര്യം വ്യക്തമാകുന്നത്. പിരാനയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍നെറ്റ് സഹായം തേടിയതായും ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മറ്റൊരു സഞ്ചാരിയും പിരാനയെ തടാകത്തില്‍ കണ്ടതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയായിരുന്നു. കുടുംബവുമായി ആളുകള്‍ ഒഴിവ് സമയം ചെലവഴിക്കാനെത്തുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് തടാകമെന്നത് ആശങ്കയുളവാക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശുദ്ധ ജല മത്സ്യമായ പിരാനകള്‍ ആമസോണ്‍ നദിയിലാണ് സാധാരണയായി കണ്ടു വരുന്നത്. ഇവയ്ക്ക് മനുഷ്യന്‍ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഭക്ഷിക്കാന്‍ സാധിക്കുമെന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇവ മനുഷ്യരെ ആക്രമിച്ചതായി വളരെ അപൂര്‍വ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ. കൂര്‍ത്ത പല്ലുകളും, മാംസത്തോടുള്ള ആര്‍ത്തിയും ഇവയുടെ കുപ്രസിദ്ധിക്ക് കാരണമാണ്. രക്തത്തെ പെട്ടെന്നാകര്‍ഷിക്കുന്ന ഇവ, വേനല്‍ കാലത്താണ് കൂടുതലും അക്രമികളാകാറുള്ളത്. സാധാരണയായി 6-10 ഇഞ്ച് നീളമുള്ള പിരാന, 18 ഇഞ്ച് വലിപ്പത്തിലും കണ്ടിട്ടുള്ളതായി പറയപ്പെടുന്നു. ആമസോണ്‍ നദിയില്‍ അല്ലാതെ പിരാനകളെ കണ്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ സമീപകാലത്ത് പുറത്തുവന്നിരുന്നു. വീടുകളിലെ അലങ്കാര മത്സ്യത്തിനൊപ്പം ചിലര്‍ പിരാനകളെ വളര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. മാംസതീനികളായ ഇവയെ വളര്‍ത്തുന്നത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.