ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഡംബരക്കപ്പൽ ലഹരിപ്പാർട്ടി കേസിന്റെ പേരിൽ നടക്കുന്നത് ഷാരൂഖ് ഖാന്റെ കൈയ്യിൽ നിന്നും പണം തട്ടാനുള്ള തന്ത്രമെന്ന് കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തൽ. പ്രഭാകർ സെയിൽ എന്നയാളാണ് കോടികളുടെ ഇടപാടാണ് ലഹരി കേസിന്റെ മറവിൽ നടക്കുന്നതെന്ന് സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെപി ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ.

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് ഈ
ഡീലിൽ എട്ട് കോടിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നു. കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീൽ’ ചർച്ച നടന്നു എന്നാണ് പ്രഭാകർ സെയിൽ വെളിപ്പെടുത്തിയത്.

‘നിങ്ങൾ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയിൽ ഒതുക്കിത്തീർക്കാം. എട്ട് കോടി സമീർ വാങ്കഡെയ്ക്ക് നൽകാം’- ഒക്ടോബർ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മിൽ കണ്ടെന്നും ഇക്കാര്യമാണ് അവർ സംസാരിച്ചതെന്നും പ്രഭാകർ സെയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയൽ ചെയതതെന്നും പ്രഭാകർ സെയിൽ പറയുന്നു. എന്നാൽ, ആരോപണം സമീർ വാങ്കഡെ നിഷേധിച്ചു. അതേസമയം, സാം ഡിസൂസ ആരാണെന്ന് ഇപ്പോൾ വ്യക്തമല്ല.

അതേസമയം, ആര്യൻ ഖാനെ എൻസിബി ഓഫിസിലെത്തിച്ചപ്പോൾ കെപി ഗോസാവിയെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇയാൾ പ്രൈവറ്റ് ഡിക്ടടീവ് ആണെന്നാണ് വിവരം. സോഷ്യൽമീഡിയയിൽ ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.