ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ദൂരീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അവസാന സമയം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് കൃത്യമായി പ്രഖ്യാപിച്ചു. പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബ്രെക്‌സിറ്റിന്റെ മുഹൂര്‍ത്തമെന്ന് വിശേഷിപ്പിക്കാവുന്ന വിധം കൃത്യമായി യൂണിയന്‍ വിടുന്ന സമയംവരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. 2019 മാര്‍ച്ച് 29ന് രാത്രി 11ന് എല്ലാ ചര്‍ച്ചകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുവരുമെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ബ്രെക്‌സിറ്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ പ്രഖ്യാപനം. ഇതുസംബന്ധിച്ച ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം. എത്രകണ്ട് പ്രതിസന്ധികളുണ്ടായാലും ബ്രെക്‌സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയനേതാക്കള്‍ ഒരുമിച്ചുനിന്ന് മികച്ചൊരു ബ്രെക്‌സിറ്റ് ഉടമ്പടിക്കായി പ്രയത്‌നിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം ബില്ലില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ഭേദഗതികള്‍ ആര്‍ക്കും നിര്‍ദേശിക്കാം. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ തടസപ്പെടുത്താനുള്ള നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

ഇതിനിടെ ബ്രെക്‌സിറ്റിനായുള്ള ചര്‍ച്ചകളുടെ ആറാം റൗണ്ടും കാര്യമായ പുരോഗതിയില്ലാതെ ഇന്നലെ പൂര്‍ത്തിയായി. നഷ്ടപരിഹാരത്തുകയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ നിലപാടറിയിക്കാന്‍ ബ്രിട്ടനു രണ്ടാഴ്ചത്തെ സമയം നല്‍കുകയാണെന്ന് ചര്‍ച്ചകള്‍ക്കുശേഷം യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മിഷേല്‍ ഗാര്‍ണിയര്‍ പറഞ്ഞു. ഇരുഭാഗത്തുമുള്ള പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ചും, ബ്രിട്ടന്റെ ഡിവോഴ്‌സ് ബില്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ അതിനുശേഷം മാത്രമേ പൂര്‍ത്തിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുകൂട്ടര്‍ക്കും തര്‍ക്കവിഷയങ്ങളില്‍ പരിഹാരം കാണാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.