ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- യുകെയുടെ റെഡ് ലിസ്റ്റിൽ നിലവിലുള്ള ഏഴ് രാജ്യങ്ങളെകൂടി തിങ്കളാഴ്ചയോടു കൂടി നീക്കം ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഇക്വഡോർ, ഡോമിക്കൻ റിപ്പബ്ലിക്, കൊളംബിയ, പെറു, പനാമ, ഹെയ്ത്തി, വെനസ്വല എന്നീ രാജ്യങ്ങളിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചശേഷം ബ്രിട്ടണിലെത്തുന്നവർക്ക് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ട ആവശ്യമില്ല. എന്നാൽ രാജ്യങ്ങളിൽ കേസുകളുടെ എണ്ണം വർദ്ധിച്ചാൽ വീണ്ടും റെഡ് ലിസ്റ്റിലേക്ക് അവയെ ഉൾപ്പെടുത്താനും തീരുമാനമുണ്ട്. യാത്രക്കാർക്കും, ട്രാവലർ ഇൻഡസ്ട്രി ജീവനക്കാർക്കുമെല്ലാം ഊർജ്ജം നൽകുന്നതാണ് പുതിയ തീരുമാനമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് വ്യക്തമാക്കി.കൊറോണ വൈറസ് വേരിയന്റുകൾ പുതിയതായി ഒന്നും തന്നെ കണ്ടെത്താത്തതാണ് ഇത്തരമൊരു തീരുമാനം എടുക്കുവാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പംതന്നെ കൂടുതൽ രാജ്യങ്ങളുടെ കോവിഡ് വാക്സിനുകൾ അംഗീകരിക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ഇതോടെ 135 ൽ അധികം രാജ്യങ്ങളുടെ കോവിഡ് വാക്സിനുകൾ യുകെയിൽ അംഗീകൃതമാകും. തിങ്കളാഴ്ചയോടുകൂടിയാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടൻ അറിയിച്ചിരിക്കുന്ന മാറ്റങ്ങൾ സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലും നടപ്പാക്കുമെന്ന് അതാത് ഗവൺമെന്റുകൾ അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ച കൂടുന്തോറും റെഡ് ലിസ്റ്റ് പുനപരിശോധിക്കുമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ പുതിയ വേരിയന്റുകൾ മറ്റു രാജ്യങ്ങളിൽ ഉണ്ടാകുന്നുണ്ടോ എന്നത് സംബന്ധിച്ചും സൂക്ഷ്മമായ നിരീക്ഷണം ഉണ്ടാകും. ടൂറിസം ഇൻഡസ്ട്രിക്ക് പുതിയ തീരുമാനങ്ങൾ ഊർജ്ജം നൽകുമെന്ന് സ്കോട്ട്‌ലൻഡ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗ്രേയ്മ് ഡേ വ്യക്തമാക്കി. പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും, സാഹചര്യങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply