തൃപ്പൂണിത്തുറ എആർ ക്യാംപിലെ പൊലീസുകാരൻ വടയാർ പൊട്ടൻചിറ തുണ്ടത്തിൽ അഭിജിത്തിന്റെ ഭാര്യ ദീപയെയും (30) മകൾ ദക്ഷയെയും (2 വയസ്സ്) മുവാറ്റുപുഴ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ഇന്നലെ ഉച്ചയോടെ വടയാർ ഇളങ്കാവ് ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കുളിക്കടവിൽ അടിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. അമ്മയുടെ ദേഹത്തോടു ചേർത്ത് കുഞ്ഞിനെ ഷാൾ ഉപയോഗിച്ച് കെട്ടിയ നിലയിലാണ്. പ്രണയിച്ചു വിവാഹം കഴിച്ച അഭിജിത്തും ദീപയും ഭർതൃ ഗൃഹത്തിലായിരുന്നു താമസം.
അഭിജിത്തിന്റെ പിതാവ് ടി.ആർ. സതീശൻ പറയുന്നത് : ‘‘വ്യാഴം രാത്രി അഭിജിത്തും ഭാര്യ ദീപയും തമ്മിൽ വഴക്കുണ്ടായി. രാത്രി 10 ന് അഭിജിത്ത് ഡ്യൂട്ടിക്കായി ക്യാംപിലേക്കു പോയ ശേഷം വീട്ടുകാർ ഉറങ്ങി. പുലർച്ചെ 3 നു ഉണർന്നപ്പോൾ ദീപയുടെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു. ഉറങ്ങാതെ ഇരുന്ന ദീപയോട് ഉറങ്ങാൻ പറഞ്ഞ ശേഷം വീണ്ടും കിടന്നു.രാവിലെ ഉണർന്നപ്പോൾ വീടിന്റെ കതകു തുറന്നു കിടക്കുന്നതു കണ്ട് നോക്കിയപ്പോൾ ദീപയെയും കുഞ്ഞിനെയും കണ്ടില്ല .പോകാൻ സാധ്യത ഉള്ള വീടുകളിൽ അന്വേഷണം നടത്തിയിട്ടും വിവരം ഒന്നും ലഭിക്കാതെ വന്നതോടെ തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചു.
പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.’’ സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സിഐ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിൽ അഭിജിത്തിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇടവട്ടം രണ്ടു കണ്ടത്തിൽ ശിവദാസന്റെയും രമണിയുടെയും മൂന്നു പെൺമക്കളിൽ ഇളയ ഇരട്ടകളിൽ ഒരാളാണ് ദീപ. വൈക്കം എസ്പി അർവിന്ദ് സുകുമാർ, തഹസിൽ ദാർ കെ.എം. നാസർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. സംസ്കാരം ഇന്ന് ഇടവട്ടത്ത് ദീപയുടെ വീട്ടുവളപ്പിൽ നടക്കും.സംഭവത്തിലെ ദുരൂഹത അകറ്റുന്നതിനു സമഗ്ര അന്വേഷണം നടത്തണം എന്ന് ദീപയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
Leave a Reply