തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ കുറ്റാരോപിതയായ ദീപാ നിഷാന്തിനെതിരെ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വത്തിന് കൈമാറി. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയാണ് ദീപാ നിഷാന്ത്. ദേവസ്വത്തിന്റെ കീഴിലുള്ളതാണ് തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളജ്.

അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദത്തിലായത്. യുവകവി എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ‘ എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായപ്പോള്‍ തന്റെ കവിതയാണെന്ന് അവകാശവാദമുന്നയിച്ച ദീപ പിന്നീട് കലേഷിനോട് മാപ്പു പറയുകയും എം ജെ ശ്രീചിത്രന്‍ തന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ തന്നതാണെന്ന കുറ്റസമ്മതവും നടത്തിയിരുന്നു.

കവിത മോഷണ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, മലയാള വിഭാഗം അധ്യാപികയായ ദീപാ നിശാന്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 21 ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും