ലണ്ടന്‍: ഡീപ്കട്ട് സൈനിക ബാരക്കില്‍ ബലാല്‍സംഗങ്ങളും ലൈംഗിക പീഡനങ്ങളും പതിവായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഷെറില്‍ ജെയിംസ് എന്ന് ആര്‍മി റിക്രൂട്ട് കൊല്ലപ്പെട്ട 1995 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ഈ സൈനിക കേന്ദ്രത്തില്‍ നിരവധി പേര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ഇന്‍ഡിപെന്‍ഡന്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 1995ല്‍ സമാനമായ 60 ഓളം ക്രൂരതകള്‍ അരങ്ങേറിയതായാണ് സൂചന. ഇവ സറെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിങ്കിലും പൊതുജനശ്രദ്ധയില്‍ പെട്ടില്ല. 1995 മുതല്‍ 2002 വരെ കാമ്പര്‍ലി, സറെ സൈനിക ബാരക്കുകളിലുണ്ടായ ഷെറില്‍ ജെയിംസിന്റേതടക്കം മൂന്ന് മരണങ്ങള്‍ സൈന്യം തന്നെ അന്വേഷിച്ചിരുന്നു.
പ്രതിരോധമന്ത്രാലയത്തിന്റെ റിവ്യൂ സമിതി മുമ്പാകെ ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. എന്നാല്‍ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഷെറില്‍ ജെയിംസിന്റെ മരണത്തെക്കുറിച്ച് നടത്തിയ പുനരന്വേഷണത്തില്‍ ലഭിച്ചു. ഇവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം പുറത്ത് വന്നത് ഈയാഴ്ചയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇവരെ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരിക്കുന്നതിന്റെ തലേ രാത്രിയിലാകാം ഇവര്‍ പീഡിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
ഇതേ സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ മദ്യവും മയക്കുമരുന്നും അടക്കമുളള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. റിക്രൂട്ടുകളോട് യാതൊരു മര്യാദയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുലര്‍ത്തിയിരുന്നില്ല. ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയ റോയല്‍ മിലിട്ടറി പൊലീസ് ഷെറില്‍ ജെയിംസിന്റെ വസ്ത്രങ്ങളോ ഇവര്‍ക്ക് വെടിയേറ്റ തോക്കോ തിരയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ശരീരത്തിനടുത്ത് നിന്ന് കണ്ടെത്തിയ തോക്കില്‍ നിന്ന് തന്നെയാണോ വെടിയേറ്റതെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. ഇവര്‍ തന്നെയാണോ ഇത് ഉപയോഗിച്ചതെന്ന കാര്യവും വ്യക്തമല്ല. തന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്നാണ് തങ്ങള്‍ക്കറിയേണ്ടതെന്ന് ഷെറിലിന്റെ മാതാപിതാക്കള്‍ പറയുന്നു. തന്റെ മകള്‍ എന്ത് കൊണ്ട് മരിച്ചു എന്ന് തങ്ങള്‍ക്കറിയല്ല. എന്നാല്‍ തെളിവുകള്‍ പലതും പറയുന്നു. ഇതെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും ഷെറിലിന്റെ പിതാവ് ആവശ്യപ്പടുന്നു.
1995നും 2002നും ഇടയില്‍ ഡീപ്കട്ടില്‍ വെടിയേറ്റ് മരിച്ച നാല് റിക്രൂട്ടുകളില്‍ ഒരാള്‍ മാത്രമാണ് ഷെറില്‍. 1995 ജൂണില്‍ ഈസ്റ്റ് സസെക്‌സിലെ ഹേസ്റ്റിംഗ്‌സില്‍ നിന്നുളള പ്രൈവറ്റ് സീന്‍ ബെന്റോണ്‍ എന്ന ഇരുപതുകാരനെ ക്യാമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാളുടെ നെഞ്ചില്‍ അഞ്ച് വെടിയുണ്ടകളാണ് തുളച്ച് കയറിയത്. ജെഫ് ഗ്രേ എന്ന പതിനേഴുകാരനെയും രണ്ട് വെടിയുണ്ടകളേറ്റ് മരിച്ച നിലയില്‍ സെപ്റ്റംബര്‍ 2001ല്‍ കണ്ടെത്തിയിരുന്നു. പെര്‍ത്തില്‍ നിന്നുളള ജെയിംസ് കോളിന്‍സണ്‍ എന്ന പതിനേഴുകാരനെ 2002 മാര്‍ച്ചിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കുടുബങ്ങള്‍ വര്‍ഷങ്ങളായി നിയമയുദ്ധം നടത്തി വരികയാണ്. തങ്ങളുടെ മക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പുറംലോകം അറിയണമെന്നാണ് ഇവരുടെ ആവശ്യം.
മുന്‍പ് നടന്ന അന്വേഷണങ്ങള്‍ ഫലപ്രദമായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. പല സുപ്രധാന തെളിവുകളും അന്വേഷണത്തിനിടയില്‍ പരിശോധിച്ചിട്ടില്ലന്നും ആരോപണമുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരെ വേണ്ടവണ്ണം ചോദ്യം ചെയ്തില്ല. നാല് കേസുകളും ഇപ്പോള്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവായിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന പലരും തങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ചിലര്‍ക്ക് തങ്ങളെ ആരാണ് പീഡിപ്പിച്ചതെന്ന കാര്യം പോലും അറിയില്ല. ഇത്തരക്കാര്‍ മുഖം മറച്ചാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പറയുന്നു.
ചില മരണങ്ങള്‍ക്ക് ഉത്തരവാദികളായവരെ തങ്ങള്‍ക്ക് അറിയാമെങ്കിലും അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടും ഇവര്‍ പങ്ക് വയ്ക്കുന്നു. ചിലര്‍ ഭയം മൂലം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കിടക്ക പങ്കിട്ടതായി വെളിപ്പടുത്തി. വനിതാ റിക്രൂട്ടുകളെ നഗ്‌നരായി പരേഡ് ഗ്രൗണ്ടിന് ചുറ്റും ഓടിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്ന് ഒരു പുരുഷ റിക്രൂട്ട് പറഞ്ഞു. ലൈംഗിക പീഡനത്തിന് പുറമെ ശാരീരിക പീഡനത്തിനും റിക്രൂട്ടുകള്‍ ഇരയാകുന്നുണ്ടന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡീപ്കട്ട് സൈനിക ക്യാമ്പിനെ നരകമെന്നാണ് റിക്രൂട്ടുകള്‍ വിശേഷിപ്പിക്കുന്നത്.
	
		

      
      



              
              



