ന്യൂസ് ഡെസ്ക് മലയാളം യുകെ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലണ്ടൻ മേയറുടെ വ്യാജ ഓഡിയോ “ക്രിമിനൽ കുറ്റമല്ലെന്ന്” മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. ലണ്ടൻ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്ത ഓഡിയോ റിമെംബ്രൻസ് വീക്കെൻഡിലെ ചടങ്ങുകളുടെ പ്രാധാന്യം കുറച്ച് കാണിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മെറ്റ് പോലീസിന് അറിയാമെന്നും നിലവിൽ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു.
അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ഈ ഓഡിയോ അവലോകനം ചെയ്ത് ഇത് ക്രിമിനൽ കുറ്റമല്ലെന്ന് വിലയിരുത്തുകയും ചെയ്തതായി മെറ്റ് പോലീസ് വക്താവ് പറഞ്ഞു. റിമെംബറൻസ് വീക്കെൻഡിന് താൻ യാതൊരു വിധ പ്രധാന്യവും നൽകുന്നില്ല എന്ന ഉള്ളടക്കം അടങ്ങിയ മേയറുടെ ഓഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിന് പുറമേ പ്രാധാന്യം നൽകേണ്ടത് ശനിയാഴ്ച നടക്കുന്ന ഒരു ദശലക്ഷം ആളുകൾ പങ്കെടുക്കുന്ന പലസ്തീൻ മാർച്ചിനാണെന്നും വ്യാജ റെക്കോർഡിംഗിലെ ശബ്ദം പറയുന്നു.
ആർമിസ്റ്റിസ് ദിനത്തിൽ ലക്ഷക്കണക്കിന് പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിൽ ഒത്തുകൂടിയിരുന്നു. നിലവിൽ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പ് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. ഈ ശനിയാഴ്ച തീവ്ര വലതുപക്ഷ എതിർ-പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.
Leave a Reply