ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ജനങ്ങളെ വലച്ച് ഇതാ വീണ്ടും റെയിൽവേ ജീവനക്കാരുടെ പണിമുടക്ക്. 20,000 റെയിൽവേ ജീവനക്കാരാണ് പണിമുടക്കിൽ ഏർപ്പെട്ടത്. ഇതേ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ യാത്രക്കാരുടെ യാത്രകൾ തടസ്സപ്പെട്ടു. ജീവനക്കാർക്ക് പുതിയ ശമ്പളപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ആർഎംടി യൂണിയൻ മേധാവി മിക്ക് ലിഞ്ച് അറിയിച്ചു. എന്നാൽ റെയിൽവേ ജീവനക്കാർക്ക് ന്യായമായ ശമ്പള ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഗതാഗത വകുപ്പ് പ്രതികരിച്ചത്. നോട്ടിംഗ് ഹിൽ കാർണിവൽ, റീഡിംഗ്, ലീഡ്‌സ് ഉത്സവങ്ങളെ പണിമുടക്ക് ബാധിക്കും.

ശനിയാഴ്ച നടക്കുന്ന പണിമുടക്കിൽ 14 ട്രെയിൻ ഓപ്പറേറ്റർമാരിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുക്കും. ഇതോടെ കഴിഞ്ഞ വേനൽ കാലത്തിന് ശേഷമുള്ള ജീവനക്കാരുടെ പണിമുടക്കിൻെറ എണ്ണം 24 ആവും. പണിമുടക്ക് സ്‌കോട്ട്‌ ലൻഡിലേക്കും വെയിൽസിലേക്കും ഉള്ള ചില യാത്രകളെ ബാധിക്കും. കൂടാതെ, ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ട്രെയിൻ സമയം വൈകാൻ കാരണമാകും.

സാധാരണ ഉള്ള സർവീസുകളുടെ പകുതിയായി ചുരുങ്ങും. പല സ്റ്റേഷനുകളിലും സർവീസുകൾ വൈകി തുടങ്ങുകയും നേരത്തെ നിർത്തുകയും ചെയ്യും. സെപ്തംബർ 2-നാണ് തുടർനടപടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയനായ അസ്ലെഫ് സെപ്റ്റംബർ 1-ന് വോക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.