കാസര്‍ഗോഡ്: കാസര്‍ഗോഡ് ചീമേനിയില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. പുലിയന്നൂര്‍ ചീര്‍ക്കളം സ്വദേശികളായ ഒന്നാം പ്രതി വിശാഖ് (32), മൂന്നാം അരുണ്‍ കുമാര്‍ (30) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചീമേനി സ്വദേശിനി പി.വി ജാനകിയാണ് കൊല്ലപ്പെട്ടത്. വിശാഖ് അധ്യാപികയുടെ ശിഷ്യനായിരുന്നു.

വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് 17 വര്‍ഷം തടവുശിക്ഷയും 1.25 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഗൂഢാലോചന, ഭവനഭേദനം, മോഷണം, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിലെ രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

2017 ഡിസംബര്‍ 13നാണ് ചിമേനി പുലിയന്നൂരിലെ വീട്ടില്‍ ജാനകി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ.കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണവും പണവും പ്രതികള്‍ കവര്‍ന്നു.

കൃത്യം നടത്തിയ രണ്ടു മാസത്തിനു ശേഷമാണ് പ്രതികളെ പോലീസ് കണ്ടെത്തുന്നത്. ഒന്നാം പ്രതി വിശാഖിന്റെ പിതാവ് തന്നെയാണ് പോലീസിന് തുമ്പ് നല്‍കുന്നതും. വിശാഖ് നടത്തിയ സ്വര്‍ണ ഇടപാടുകളുടെ രസീത് പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.