ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രസീൽ :- ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ വനനശീകരണം വർധിച്ചുവരികയാണെന്ന് പുതിയ റിപ്പോർട്ടുകൾ. ബ്രസീൽ നാഷണൽ സ്പേസ് ഏജൻസിയായിരിക്കുന്ന ഇൻപേ ആണ് റിപ്പോർട്ട്‌ പുറത്തിറക്കിയിരിക്കുന്നത്. 2008 ന് ശേഷം ഇപ്പോഴാണ് വനനശീകരണം ഇത്രയധികം വർദ്ധിച്ചു വരുന്നത്. 2019 ഓഗസ്റ്റ് മാസം മുതൽ 2020 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ മാത്രം 11,088 സ്‌ക്വയർ കിലോമീറ്റർ വനമേഖലയാണ് നശിപ്പിക്കപ്പെട്ടത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം വർധനവാണ് ഇത്. ആഗോളതാപനത്തെ തടഞ്ഞുനിർത്തുന്നതിൽ ആമസോൺ മഴക്കാടുകൾക്കുള്ള പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ ദ്രുതഗതിയിലുള്ള ഈ വനനശീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2019 ജനുവരിയിൽ ബ്രസീലിയൻ പ്രസിഡന്റായി ജെയിൻ ബോൾസോനാരോ സ്ഥാനമേറ്റതിനുശേഷമാണ് ആമസോൺ മഴക്കാടുകളുടെ നശീകരണം ദ്രുതഗതിയിൽ ആയതെന്ന് ശാസ്ത്രജ്ഞർ കുറ്റപ്പെടുത്തുന്നു.

പുതിയ പ്രസിഡന്റ് ആമസോൺ മഴക്കാടുകളിൽ കൃഷി ചെയ്യുന്നതിനും, ഖനനം നടത്തുന്നതിനും അനുമതി നൽകിയിരുന്നു. ഇതാണ് വനമേഖലയുടെ നശീകരണം വേഗത്തിലാക്കിയത് എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഏകദേശം മൂന്ന് മില്യനോളം വിവിധതരത്തിലുള്ള സസ്യങ്ങളുടെയും, ജീവജാലങ്ങളുടെയും വാസസ്ഥലമാണ് ആമസോൺ മഴക്കാടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ അടുത്തവർഷം മാത്രമേ പുറത്തു വരികയുള്ളൂ.

പ്രകൃതിയെ ചൂഷണം ചെയ്യുന്ന കർഷകരെ പിടിക്കാൻ അധികാരമുള്ള ഫെഡറൽ ഏജൻസിക്കുള്ള ഫണ്ടിങ്ങും പുതിയ പ്രസിഡണ്ട് വെട്ടിക്കുറച്ചിരുന്നു. റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്ന നാഷണൽ സ്പേസ് ഏജൻസിക്കെതിരെയും പ്രസിഡന്റ് രംഗത്തെത്തിയിട്ടുണ്ട്. ലോകരാജ്യങ്ങൾക്ക് മുൻപിൽ ബ്രസീലിനെ തരംതാഴ്ത്തുക മാത്രമാണ് ഏജൻസിയുടെ ലക്ഷ്യം എന്ന് പ്രസിഡന്റ് ആരോപിച്ചു. എന്നാൽ റിപ്പോർട്ടുകൾ തെറ്റാണെന്നും, വനനശീകരണം കുറയ്ക്കുന്നതിൽ സർക്കാർ വിജയം കൈവരിച്ചെന്നുമാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.