ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നത് പതിവാക്കിയതിനെത്തുടര്‍ന്ന് എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ വീടിനു മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവായ മയാങ്ക് സിങ്വിയും കുടുംബവും അനിസിയയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് അവരുടെ കുടുംബം ആരോപിക്കുന്നു. മയാങ്കിനെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വഴക്കുകള്‍ പതിവായിരുന്നെന്നാണ് മയാങ്ക് പോലീസിനോട് പറഞ്ഞത്.

ആത്മഹത്യ നടന്ന ദിവസവും തര്‍ക്കമുണ്ടായി. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിവാഹ ശേഷം രണ്ട് വര്‍ഷമായി ഹൗസ് ഖാസില്‍ ഇരുവരും ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഗുഡ്ഗാവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആണ് ഭര്‍ത്താവ്.