മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബ ജറ്റ് ചിത്രം വില്ലന്റെ ടീസര്‍ പുറത്തിറങ്ങി. ഫോര്‍ കെയിലും ടുകെയിലുമാണ് ടീസര്‍ എത്തിയിരിക്കുന്നത്. 8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 2530 കോടിയാണ്. വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെര്‍ഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഗുഡ് ഈസ് ബാഡ്’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലാണ് അവസാനം ഇവര്‍ ഒരുമിച്ചത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുക. തമിഴ് നടന്‍ വിശാല്‍ ആണ് മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ സിനിമയുടെയും സംഘട്ടനം. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ്. കഥാപാത്രത്തിനായി പ്രത്യേക തയാറെടുപ്പിലാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഇതിനായി ആയുര്‍വേദ ചികിത്സയിലായിരുന്നു അദ്ദേഹം. പൂമുള്ളിയിലായിരുന്നു ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സ തേടാന്‍ അദ്ദേഹം തീരുമാനിച്ചത്. ചിത്രം നിര്‍മിക്കുന്നത് ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങള്‍ നിര്‍മിച്ച റോക്ലൈന്‍ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുല്‍ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് (ഒപ്പം ഫെയിം). വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ. മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.