ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച 66 കോൺഗ്രസ് സ്ഥാനാര്‍ത്ഥികളിൽ 63 പേർക്കും കെട്ടിവെച്ച കാശ് പോയെന്ന് റിപ്പോർട്ട്. ഗാന്ധിനഗർ, കസ്തൂർബാനഗർ, ബാദ്‍ലി എന്നീ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണ് കെടിടവെച്ച കാശ് തിരിച്ചു പിടിക്കാനായത്. ഗാന്ധി നഗറിൽ അർവിന്ദർ സിങ് ലവ്ലിയും, ബാദ്ലിയിൽ ദേവേന്ദർ യാദവും കസ്തൂർബാ നഗറിൽ അഭിഷേക് ദത്തുമാണ് മത്സരിച്ചത്.രാഷ്ട്രീയ ജനതാദളുമായി ചേർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 66 സീറ്റുകളിൽ കോൺഗ്രസ്സും നാല് സീറ്റുകളിൽ ആർജെഡിയും മത്സരിച്ചു.
മിക്ക കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും അഞ്ച് ശതമാനത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ മകൾ ശിവാനി ചോപ്രയ്ക്കും തന്റെ മണ്ഡലത്തിൽ നിക്ഷേപത്തുക തിരിച്ചുകിട്ടാൻ പോന്നത്ര വോട്ട് ലഭിച്ചില്ല. മുൻ അസംബ്ലി സ്പീക്കർ യോഗാനന്ദ് ശാസ്ത്രിയുടെ മകളും തോറ്റു. ഡൽഹി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡണ്ടിന് തന്റെ മണ്ഡലത്തിൽ വെറും 3.6 ശതമാനം വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന്റെ പ്രചാരണസമിതി ചെയർമാന്റെ ഭാര്യയും ദയനീയ പരാജയമടഞ്ഞു. വെറും 2,604 വോട്ടാണ് ഇവർക്ക് ലഭിച്ചത്.
കെട്ടിവെച്ച കാശ് ലഭിച്ചവരിൽപ്പോലും ആരും രണ്ടാംസ്ഥാനത്തു പോലും വന്നില്ലെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എഎപിയെക്കാൾ പൗരത്വനിയമഭേദഗതിയെ എതിർത്തത് തങ്ങളാണെന്നതായിരുന്നു ആത്മവിശ്വാസം. എന്നാൽ, ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിൽപ്പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് ലഭിച്ചില്ല.
Leave a Reply