വിശാഖപട്ടണം∙ കൈവിട്ടെന്നു തോന്നിച്ച കളി ഡെത്ത് ഓവറിലെ ഉജ്വല ബോളിങ്ങിലൂടെ തിരിച്ചുപിടിച്ച ഹൈദരാബാദ് അവസാന ഓവറിലെ തോൽവിയോടെ ടൂർണമെന്റിനു പുറത്ത്. ഓപ്പണർ പൃഥ്വി ഷാ (38 പന്തിൽ 56), ഋഷഭ് പന്ത് (21 പന്തിൽ 49) എന്നിവരുടെ ഇന്നിങ്സുകളുടെ കരുത്തിലാണു ഡൽഹിയുടെ വിജയം. മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ 18–ാം ഓവറിൽ ഋഷഭ് പന്തും റുഥർഫോർഡും ചേർന്ന് അടിച്ചെടുത്ത 22 റൺസാണ് മൽസരത്തിന്റെ ഗതി നിർണയിച്ചത്. ഇതിൽ 21 റൺസും നേടിയത് പന്ത് തന്നെ.

19–ാം ഓവറിൽ ഭുവേനേശ്വർ കുമാറിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചു പന്ത് പുറത്തായതോടെ ഹൈദരാബാദ് മത്സരത്തിൽ പിടിമുറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഖലീൽ അഹമ്മദിന്റെ അവസാന ഓവറിൽ ഫീൽഡ് തടസപ്പെടുത്താൻ ശ്രമിച്ചതിന് അമിത് മിശ്ര (1) പുറത്തായെങ്കിലും ഒരു പന്ത് ശേഷിക്കെ കീമോ പോൾ (5 നോട്ടൗട്ട്) ബൗണ്ടറിയിലൂടെ ഡൽഹിയെ വിജയത്തിലെത്തിച്ചു. നേരത്തെ, പൃഥ്വി ഷായെ വ്യക്തിഗത സ്കോർ 17ൽ നിൽക്കെ ബേസിൽ തമ്പി കൈവിട്ടതും ഹൈദരാബാദിന് തിരിച്ചടിയായി. അർധസെഞ്ചുറി നേടിയ ഷായാണ് ഡൽഹി ഇന്നിങ്സിന് അടിത്തറയിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കിവീസ് താരം മാർട്ടിൽ ഗപ്ടിലാണു (19 പന്തിൽ 36) ഹൈദരാബാദിന്റെ ടോപ് സ്കോറർ. മനീഷ് പാണ്ഡെ (30), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (28), വിജയ് ശങ്കർ (25), മുഹമ്മദ് നബി (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 3 വിക്കറ്റ് വീഴ്ത്തിയ കീമോ പോളും 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത അമിത് മിശ്രയുമാണ് ഡൽഹി ബോളർമാരിൽ തിളങ്ങിയത്.

നല്ല തുടക്കം ലഭിച്ച ശേഷം ഹൈദരാബാദ് ബാറ്റ്സ്മാൻമാർ അനാവശ്യ ഷോട്ടിലൂടെ വിക്കറ്റുകൾ നഷ്ടമാക്കിയതു ഡൽഹിക്കു ഗുണമായി. തകർത്തടിച്ചു കളിച്ച ഗപ്ടിലിനെ തന്റെ ആദ്യ ഓവറിൽത്തന്നെ അമിത് മിശ്ര മടക്കിയതാണു മത്സരത്തിൽ വഴിത്തിരിവായത്.