ന്യഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അക്രമി സംഘവുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഗാസിയാബാദിലെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് നടപടിയില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ട് അക്രമികള്‍ പൊലീസ് പിടിയിലാവുകയും ചെയ്തു.
ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടി ഗാസിയാബാദിലെ ഷാലിമാര്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍ിന്റെ അഞ്ചാം നിലയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ അക്രമി സംഘത്തിന്റെ താവളത്തിലെത്തിയ പൊലീസ് അരമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയെത്.
ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യവെയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. കുട്ടിയെ തട്ടിയെടുക്കുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ അക്രമികള്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. കാലിന് വെടിയേറ്റ ഡ്രൈവര്‍ ഇപ്പോഴും ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയെ തട്ടിയെടുത്തതിനു ശേഷം അക്രമികള്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അമ്പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
Leave a Reply