ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

ഡൽഹി : രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കാണ് അടുത്തമാസം ഡൽഹി കണ്ണു തുറക്കാൻ പോകുന്നത്.
പൗരത്വ നിയമത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്.
1,46,92,136 വോട്ടര്‍മാര്‍. എഴുപത് നിയമസഭാ മണ്ഡ‍ലങ്ങളിലായി
13,750 പോളിങ് സ്റ്റേഷനുകള്‍. ആം ആദ്മി പാര്‍ട്ടി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ  പാർട്ടികളുടെ തീപാറുന്ന ത്രികോണമല്‍സരമാണ് ഡൽഹി സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ഈ മാസം 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. കഴിഞ്ഞ തവണത്തെ വിജയമാവർത്തിക്കാൻ ആം ആദ്മി പാർട്ടി മത്സരരംഗത്ത് ഇറങ്ങുമ്പോൾ പ്രതിച്ഛായ മിനുക്കി രാജ്യഹൃദയം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുക. സഖ്യകക്ഷി ചേർന്നു മുൻതെരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനാകും കോൺഗ്രസിന്റെ പദ്ധതി. ആശങ്കകൾക്കും ആകുലതകൾക്കും നടുവിൽ നിൽക്കുന്ന രാജ്യത്തിന്റെ ഭാവിയാണ് രാജ്യതലസ്ഥാനം വിധിയെഴുതാൻ പോകുന്നത്. ആരു തന്നെ ജയിച്ചാലും വരുവാൻ പോകുന്ന മറ്റു തെരഞ്ഞെടുപ്പുകളെ അത് ബാധിക്കുമെന്ന് ഉറപ്പ്.

നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ഫെബ്രുവരി 8നാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ്. 11ന് വോട്ടെണ്ണല്‍. 13ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.
പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമുണ്ടാകുമെന്നും
കേന്ദ്ര‌ ബജറ്റില്‍ ഡല്‍ഹിക്കായി പ്രഖ്യാപനങ്ങള്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യം, സൗജന്യ വൈ-ഫൈ, പുതിയ ജലവിതരണ കണക്ഷനുകൾക്കുള്ള നിരക്ക് കുറച്ചത്, മുതിർന്ന പൗരന്മാർക്ക് സൗജന്യതീർഥാടനപദ്ധതി എന്നിങ്ങനെ വ്യത്യസ്തമേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ്  അരവിന്ദ് കേജരിവാളിന്റെ തുറുപ്പ്ചീട്ട്. കഴിഞ്ഞ തവണത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ല്‍ 67 സീറ്റും നേടിയാണ് എ.എ.പി അധികാരത്തിലെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ  2017 ഏപ്രിലിൽ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പും കഴിഞ്ഞവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പും തൂത്തുവാരിയതിന്റെ  ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. രാജ്യമെങ്ങും പ്രതിഷേധങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഡൽഹി പിടിച്ചടക്കേണ്ടത് ബി.ജെ.പിയുടെ ഒരു ആവശ്യമായി മാറുന്നു. അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശരേഖ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പുതിയ തന്ത്രങ്ങൾ മെനഞ്ഞും സഖ്യകക്ഷി ചേർന്നും മറ്റു സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നടത്തിയ മുൻവിജയങ്ങൾ ആവർത്തിക്കുവാൻ കോൺഗ്രസും മുന്നിൽ തന്നെയുണ്ട്.
പൗരത്വനിയമത്തോടുള്ള എതിർപ്പ്, കേന്ദ്രസർവകലാശാലകളിലെ പ്രശ്നങ്ങൾ, നോട്ട് അസാധുവാക്കലിലെ ആശയകുഴപ്പം എന്നിവ ബിജെപിക്കെതിരാകുമ്പോൾ
അന്തരീക്ഷ മലിനീകരണമാണ് എഎപിക്ക് തിരിച്ചടി ആവുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാവാത്ത കോൺഗ്രസ് നില മെച്ചപ്പെടുത്തുവാൻ മികച്ച തന്ത്രങ്ങൾ തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവിൽ ഡൽഹി നിയമസഭയിൽ എ.എ.പി.ക്ക് 62 സീറ്റും ബി.ജെ.പി.ക്ക് 4 സീറ്റുമാണുള്ളത്. രജോരി ഗാർഡൻ എം.എൽ.എ. ആയിരുന്ന എ.എ.പി.യുടെ ജെർണയിൽ സിങ് പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവെച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. 4 എന്ന  സംഖ്യയിലേക്ക് ഉയർന്നത്.

രാജ്യതലസ്ഥാനത്തെ പോരാട്ടത്തിൽ വിജയം ആർക്കൊപ്പമാണെങ്കിലും അത് ഈ വർഷം നടക്കുവാൻ പോകുന്ന ബിഹാർ, അസം തിരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു സൂചന തന്നെയായി മാറും. ഡൽഹിയിൽ മാത്രം വേരുകളുള്ള എ.എ.പിക്ക് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ഒരു പ്രാദേശികപാർട്ടിയുടെ മുന്നിൽ ദേശീയ പാർട്ടിയായ ബി.ജെ.പി വീണ്ടും മുട്ടുകുത്തുമോ എന്ന ചോദ്യത്തിനുള്ള മറുപടി നൽകാൻ ബിജെപിയും, ഷീല ദീക്ഷിതിന്റെ മരണത്തിനുശേഷം നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചു പിടിക്കാനായി കോൺഗ്രസും. ഡൽഹി ചൂടുപിടിക്കുകയാണ്, ശക്തമായ തെരഞ്ഞെടുപ്പ് ചൂട്. ഡൽഹി ആർക്കൊപ്പം,  ഉത്തരത്തിനായി കാത്തിരിക്കാം.