ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ തകരാർ കാരണം നിരവധി വിമാനങ്ങൾ വൈകുന്നത് യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ഫ്ലൈറ്റ് പ്ലാനുകൾ സ്വയമേവ ക്രമീരിക്കുന്നതിൽ ഉണ്ടായ തടസമാണ് വിമാനങ്ങൾ നിയന്ത്രിക്കാൻ കാരണമായതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് പറഞ്ഞു. എത്രയും വേഗത്തിൽ പ്രശ്നം പരിഹരിക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. യുകെയിലുടനീളമുള്ള നിരവധി വിമാനത്താവളങ്ങളും റയാൻഎയർ, ഈസിജെറ്റ്, വിസ് എയർ, ലോഗനെയർ, എയർ ലിംഗസ് എന്നിവയുൾപ്പെടെയുള്ള എയർലൈനുകളും വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

ചില വിമാനങ്ങൾ ഏകദേശം ആറ് മണിക്കൂർ വൈകുമെന്ന് യാത്രക്കാരോട് പറഞ്ഞിട്ടുണ്ട്. വിദേശ വിമാനത്താവളങ്ങളിലെ വിമാനങ്ങൾ ബ്രിട്ടീഷ് എയർവേയ്സ് അറിയിക്കുന്നത് വരെ രാജ്യത്തേക്ക് പുറപ്പെടാൻ പാടില്ലെന്നും സന്ദേശത്തിൽ പറയുന്നു. ഇന്ന് യുകെ വിമാനത്താവളങ്ങളിൽ നിന്ന് 3,049 വിമാനങ്ങൾ പുറപ്പെടാനുണ്ടെന്നും 3,054 വിമാനങ്ങൾ ഏത്താനുണ്ടെന്നും ഏവിയേഷൻ ഡാറ്റാ സ്ഥാപനമായ സിറിയം പറഞ്ഞു.

 

പ്രശ്‌നത്തിന്റെ ആഘാതം മനസിലാക്കാൻ നാഷണൽ എയർ ട്രാഫിക് സർവീസസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് പറഞ്ഞു. ഇത് ഉപഭോക്താക്കളെ അപ്‌ഡേറ്റ് ചെയ്യുമെന്നും അവർ അറിയിച്ചു. വിമാനങ്ങൾ വൈകുന്നത് കാരണം ലണ്ടൻ ലൂട്ടൺ, സ്റ്റാൻസ്‌റ്റെഡ്, ഹീത്രൂ, ഗാറ്റ്‌വിക്ക് എന്നീ വിമാനത്താവളങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് വക്താക്കൾ അറിയിച്ചു. യുകെയിലെ പ്രശ്‌നങ്ങളുടെ അനന്തരഫലമായി അയർലൻഡിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും വൈകുമെന്ന് ഐറിഷ് ഗതാഗത സഹമന്ത്രി ജാക്ക് ചേമ്പേഴ്‌സ് മുന്നറിയിപ്പ് നൽകി.