ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലേയും ഏതാനും സ്വകാര്യാശുപത്രികളിലേയും ചികിത്സ ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയ ഡൽഹി സർക്കാരിന്റെ തീരുമാനം ലെഫ്. ഗവർണർ അനിൽ ബൈജൽ റദ്ദാക്കി. ഡൽഹിയിൽ എല്ലാവർക്കും ചികിത്സ നൽകും. ഡൽഹി നിവാസിയല്ലാ എന്ന കാരണത്താൻ ഒരാൾക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ഗവർണർ നിർദേശിച്ചു.
കോവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആവശ്യമായ ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനിടെയാണ് ആം ആദ്മി സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അതിർത്തി സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കുത്തൊഴുക്ക് തടയുന്നതിനാണിതെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വിശദീകരണം. എന്നാൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ നിയന്ത്രണങ്ങളില്ല.
ഇക്കാര്യത്തിൽ ഡൽഹി മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പൊതുജനാഭിപ്രായം തേടിയിരുന്നു. 90 ശതമാനം പേരും ചികിത്സ ഡൽഹിക്കാർക്കു മാത്രമായി ചുരുക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുൾപ്പെടെയുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണു അന്തിമതീരുമാനമെടുത്തത്.
കേജരിവാളിന്റെ തീരുമാനം മലയാളികളുൾപ്പടെ ഇതര സംസ്ഥാനക്കാരെ ആശങ്കയിലാഴ്ത്തിയിരുന്നു. കേജരിവാളിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ആരാണ് ഡൽഹി നിവാസിയെന്ന് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ആവശ്യപ്പെട്ടിരുന്നു.
Leave a Reply