നഴ്‌സ് ആന്‍ലിയയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ കേസിലെ പ്രധാനതെളിവാവുകയാണ്. ഒരിക്കലും മറക്കരുതാത്ത ജീവിതാനുഭവങ്ങളെല്ലാം അവളുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെയും ഗര്‍ഭിണിയായതിന്റെയും ഓര്‍മദിവസം, പ്രിയപ്പെട്ട ബന്ധുക്കള്‍, കൂട്ടുകാര്‍, തന്നെ മാനസിക രോഗിയാക്കാന്‍ ആശുപത്രിയില്‍ കൊണ്ടു പോയത്… തുടങ്ങി എല്ലാം, തന്റെ ദുരൂഹമരണക്കേസിനു തെളിവാകുമെന്നും താനനുഭവിച്ച പീഢാനുഭവങ്ങള്‍ ലോകം അറിയാന്‍ വഴിയാകുമെന്നും ഓര്‍ക്കാതെ ആന്‍ലിയ സ്വന്തം എഴുതിവച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയാതെ 25ാം വയസില്‍, സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവള്‍ ദുരൂഹമരണത്തിന് കീഴടങ്ങി.

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഭര്‍തൃവീട്ടില്‍ യുവതി മരിച്ചാല്‍ നിശ്ചിത വര്‍ഷങ്ങള്‍ക്കുള്ളിലാണെങ്കില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന കോടതിവിധികള്‍ പരിഗണിക്കപ്പെട്ടില്ല. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോള്‍, തൃശൂര്‍ റെയില്‍വെ എഎസ്‌ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആന്‍ലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിന്‍ ആദ്യം പറഞ്ഞത്.

പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയില്‍വെ പോലീസില്‍ പരാതി കൊടുത്തത്. ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോര്‍ത്ത് പറവൂര്‍ വടക്കേക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ യുവതിയുടെ ചീര്‍ത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആന്‍ലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കള്‍ക്കു പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്. സംസ്‌കാര ചടങ്ങുകളില്‍ ഭര്‍ത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്ന് പിതാവ് ഹൈജിനസ് പറയുന്നു.

മരണത്തിനു മിനിറ്റുകള്‍ക്കു മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച മെസേജുകളാണു ൈഹജിനസ് പോലീസിനു സമര്‍പ്പിച്ച പ്രധാന തെളിവ്. ആന്‍ലിയയുടെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതാണു സന്ദേശങ്ങള്‍. വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി എന്നെ കൊല്ലും. ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ഭര്‍ത്താവ് സമ്മതിക്കുന്നില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാമായിരുന്നു സന്ദേശങ്ങള്‍. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകേണ്ട, നമുക്കു പരിഹാരം ഉണ്ടാക്കാം എന്നെല്ലാം സഹോദരന്‍ പറയുന്നുണ്ടെങ്കിലും പോകാന്‍ ആന്‍ലിയ നിര്‍ബന്ധം പിടിച്ചു. ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടതായി ജസ്റ്റിന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. പക്ഷെ ഇതേ ജസ്റ്റിന്‍ റെയില്‍വേ സ്റ്റേഷനില്‍ കാണാതായെന്നാണു പരാതിയില്‍ പറയുന്നത്. ആന്‍ലിയയെ ബെംഗളൂരുവിലേക്കു കയറ്റിവിട്ടെന്നു ജസ്റ്റിന്‍ പറയുമ്പോള്‍, എങ്ങനെ അവര്‍ നേരെ എതിര്‍ഭാഗത്തേയ്ക്ക് സഞ്ചരിച്ചു എന്നതു ദുരൂഹമാണ്.

മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പെരിയാറിലൂടെ ഒഴുകിയതെങ്ങനെ എന്നതും ഉത്തരം കിട്ടാത്ത ചോദ്യം. മകളെ കൊന്ന് പുഴയില്‍ ഒഴുക്കിയതാണെന്നു സംശയിക്കുന്നതായി ഹൈജിനസ് പറയുന്നു. താനനുഭവിച്ച പീഡനങ്ങള്‍ വിവരിച്ചു ആന്‍ലിയ കടവന്ത്ര പോലീസിന് എഴുതിയ പരാതി വീട്ടുകാര്‍ കണ്ടെടുത്തിരുന്നു. ജോലി നഷ്ടപ്പെട്ടതറിയിക്കാതെ ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചത്, ജോലി രാജി വയ്പ്പിച്ചത്, വീട്ടിലെത്തിച്ച് ഉപദ്രവിച്ചത്.. തുടങ്ങിയ കാര്യങ്ങള്‍ 18 പേജിലായാണു പറയുന്നത്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരുന്ന തന്നെ ജസ്റ്റിന്റെ കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഠിക്കാനായി ജോലി രാജിവച്ചതിനു കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു പറഞ്ഞു. ‘ഗര്‍ഭിണിയായ ശേഷവും പീഡനങ്ങള്‍ തുടര്‍ന്നു. പഴകിയ ഭക്ഷണമാണു കഴിപ്പിച്ചിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവിച്ചു. കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിക്കും. കുഞ്ഞിനെ തന്നില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നെല്ലാം പരാതിയില്‍ പറയുന്നു. ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവമില്ലാതെ, പേടിക്കാതെ ജീവിക്കണം. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാര്‍ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം’ പരാതിയുടെ അവസാനവാചകമായി ആന്‍ലിയ എഴുതി.

മകളായിരുന്നു എനിക്കെല്ലാം. അവള്‍ എന്നെ സ്‌നേഹിച്ചതു പോലെ ആരും സ്‌നേഹിച്ചിട്ടുണ്ടാവില്ല. എന്റെ കരളാണ് അവര്‍ പറിച്ചെടുത്തു കളഞ്ഞത്. ജോലി ഉപേക്ഷിച്ചു നാട്ടില്‍ വന്നു നില്‍ക്കുന്നത് അവള്‍ക്കു നീതി കിട്ടാനാണ്. തെളിവുകളെല്ലാം നല്‍കിയിട്ടും പോലീസ് ഒന്നും ചെയ്തില്ല. അവള്‍ മരിച്ചിട്ട് 150 ദിവസങ്ങളായി. മാതാപിതാക്കളായ ഞങ്ങള്‍ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മുട്ടാത്ത വാതിലുകളില്ല’ ഒരച്ഛന്റെ ദുഃഖം ഹൈജിനസിന്റെ വാക്കുകളില്‍ തളംകെട്ടി. മാതാപിതാക്കള്‍ വിദേശത്ത്. സാമ്പത്തിക പ്രയാസങ്ങളില്ലാത്ത കുടുംബം. ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശത്തു ജോലി കിട്ടിയതോടെ ആന്‍ലിയ സ്വയംപര്യാപ്തയായി.

വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. എംഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ബാക്കി. നാട്ടില്‍ നല്ലൊരു ജോലി, കുഞ്ഞിനു മികച്ച വിദ്യാഭ്യാസം, വീട്, കാര്‍, ഭാവിയിലേക്കുള്ള സമ്പാദ്യം.. സ്വപ്നങ്ങളുടെ പട്ടിക നീളുമ്പോഴും നേടാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു ആന്‍ലിയയ്ക്ക്. കഴിഞ്ഞ ദിവസമാണ് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്‍ ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. സംഭവം നടന്നു നാല് മാസത്തിനു ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെയാണു മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.