ന്യൂഡൽഹി: വായു മലിനീകരണ പ്രതിസന്ധി രൂക്ഷമായതോടെ എല്ലാ സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരെ വർക്ക് ഫ്രം ഹോം രീതിയിൽ നിയോഗിക്കണമെന്ന് ഡൽഹി സർക്കാർ നിർദേശം നൽകി. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഈ സീസണിലെ ഏറ്റവും മോശം വായു നിലയാണ് ഡിസംബർ 15 ന് രേഖപ്പെടുത്തിയത്. രാവിലെ 498 എക്യുഐ രേഖപ്പെടുത്തിയതോടെ ഡൽഹി ‘സിവിയർ പ്ലസ്’ വിഭാഗത്തിലേക്ക് കുതിച്ചു.
പ്രതിസന്ധി നേരിടാൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ–GRAP IV ത്വരിതഗതിയിൽ നടപ്പാക്കി. ഡൽഹിയോടൊപ്പം നോയിഡ, ഗുർഗോൺ, ഫരീദാബാദ് ഉൾപ്പെടെയുള്ള എൻസിആർ മേഖല മുഴുവൻ കടുത്ത നിയന്ത്രണങ്ങൾ ബാധകമാണ്. ബിഎസ്–VI മാനദണ്ഡങ്ങൾക്ക് താഴെയുള്ള ഡൽഹിക്ക് പുറത്തുള്ള വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു. പിയുസി സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കാനും തീരുമാനമായി. ആറു മുതൽ ഒൻപതു വരെ ക്ലാസുകൾക്ക് ഹൈബ്രിഡ് മോഡിൽ പഠനം നടത്താനും നിർദേശമുണ്ട്.
കനത്ത മൂടൽമഞ്ഞ് മൂലം കഴിഞ്ഞ ദിവസങ്ങളിൽ റോഡപകടങ്ങളും വിമാന സർവീസ് തടസ്സങ്ങളും വ്യാപകമായി. മൂന്നു ദിവസത്തിനു ശേഷം കാറ്റ് ശക്തമായതോടെ ചൊവ്വാഴ്ച മുതൽ മൂടൽമഞ്ഞിന് കുറവ് അനുഭവപ്പെട്ടു. ചൊവ്വാഴ്ച 354 ആയിരുന്ന എക്യുഐ ബുധനാഴ്ച രാവിലെ 329 ആയി കുറഞ്ഞത് നേരിയ ആശ്വാസമായി. അതേസമയം, മലിനീകരണ നിയന്ത്രണങ്ങൾ കാരണം നിർമ്മാണപ്രവർത്തനങ്ങൾ നിലച്ചതോടെ ജോലി നഷ്ടപ്പെട്ട രജിസ്റ്റർ ചെയ്ത നിർമ്മാണ തൊഴിലാളികൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു.











Leave a Reply