ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക്. മൂന്നു കോർപറേഷനുകളിലും ബിജെപി അധികാരമുറപ്പിച്ചു. 182 സീറ്റുകളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. 40 സീറ്റുകളുമായി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്താണ്.

എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. 270 വാർഡുകളിൽ 200 ലേറെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. വടക്കൻ ഡല്‍ഹി, തെക്കൻ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി എന്നീ മൂന്ന് മുനിസിപ്പാലിറ്റികളിലായി 270 സീറ്റുകളുടെ ഫലമാണ് ഇന്നറിയുക. ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 5.58 ശതമാനം പേരാണ് വിധിയെഴുതിയത്.

അതിനിട, ബിജെപിയുടെ മുന്നേറ്റത്തിനെതിരെ എഎപി രംഗത്തെത്തി. ഡൽഹിയിൽ മോദി തരംഗമല്ല, വോട്ടിങ് യന്ത്രത്തിന്റെ തരംഗമാണെന്ന് ഡൽഹി ഗ്രാമവികസന മന്ത്രി ഗോപാൽ റായ് ആരോപിച്ചു. അതേസമയം, ഡൽഹിയിൽ എഎപി സർക്കാർ അധികാരം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജനങ്ങൾ ആം ആദ്മി പാർട്ടിയെ തിരസ്കരിച്ചു. വികസനം കൊണ്ടുവരാൻ ബിജെപിക്കേ കഴിയൂവെന്നാണ് ജനം വിധി എഴുതിയതെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിജെപിക്ക് അനുകൂലമാണ് ജനവിധിയെങ്കിൽ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകൾക്കെതിരെ പുതിയ രാഷ്ട്രീയ നീക്കം കൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ മുന്നേറ്റത്തിലൂടെ വളർന്നുവന്ന ആം ആദ്മി പാർട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിന് മടിക്കില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. അതേസമയം, എക്സിറ്റ് പോൾ പ്രവചനം പോലെ മൂന്നു കോർപറേഷനുകളും ബിജെപി നിലനിർത്തിയാൽ ഡൽഹി സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമിച്ചേക്കും. രണ്ടാം സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.