ന്യൂഡല്‍ഹി: തീകൊളുത്താന്‍ പെട്രോളും കൈയില്‍ ആയുധങ്ങളുമായി ഓടിയെത്തിയ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അനുയായികളില്‍നിന്ന് നൂറ്റമ്പതോളം ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഡ്രൈവറായ രമേഷ് കുമാറും കണ്ടക്ടറായ അനില്‍കുമാറും. ഇന്നലെയാണ് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധി വന്നത്. അതോടെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
സംഭവത്തെ കുറിച്ച് രമേഷ് കുമാര്‍ പറയുന്നത് ഇങ്ങനെ; വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറിലൂടെ എഴുപതോളം യാത്രക്കാരുമായി ബസ് ഓടിച്ചു വരികയായിരുന്നു. അപ്പോള്‍ കറുത്ത നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച നാലു പുരുഷന്മാര്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടു. റോഡ് മുറിച്ചു കടക്കാനായിരിക്കും എന്നു കരുതി ഞാന്‍ ബസിന്റെ വേഗത കുറച്ചു. എന്നാല്‍ അപ്പോഴത്തേക്കും എവിടനിന്ന് എന്നറിയില്ല, നാല്‍പ്പതോളം ആളുകള്‍ റോഡില്‍ നിറഞ്ഞു. അവരെല്ലാവരും കറുത്ത ഹെല്‍മറ്റുകള്‍ ധരിച്ചിരുന്നു.
അവര്‍ ബസ്സിനു നേര്‍ക്ക് കല്ലെറിയുകയും ജനാലകളും വാതിലുകളും തല്ലിപ്പൊട്ടിക്കുകയും ചെയ്യാന്‍ തുടങ്ങി. ഡ്രൈവറുടെ സീറ്റിനടുത്തുള്ള ജനാല തകര്‍ത്ത ശേഷം അവര്‍ എന്റെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ചു. മരണം കണ്‍ മുന്നിലെത്തിയപ്പോഴും ബസ്സിലെ യാത്രക്കാരെ അപകടം കൂടാതെ രക്ഷിക്കണമെന്നായിരുന്നു എന്റെ ചിന്ത- രമേഷ് കുമാര്‍ പറയുന്നു. പെട്രോള്‍ പുരണ്ട ഷര്‍ട്ട് ഞാന്‍ പുറത്തേക്ക് ഊരിയെറിഞ്ഞു. എന്നിട്ട് പിന്നിലെ വാതിലിലൂടെ യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അപ്പോഴത്തേക്കും ചില അക്രമികള്‍ ബസ്സിനുള്ളില്‍ കയറിയിരുന്നു. അവര്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും സീറ്റുകളില്‍ തന്നെയിരിക്കാനും ആവശ്യപ്പെട്ടു. മരണം എനിക്കു നേര്‍ക്കുനേര്‍ കാണാമായിരുന്നു. എങ്കിലും അവരോട് എതിര്‍ത്തുനില്‍ക്കാനും യാത്രക്കാരെ ബസ്സിനു പുറത്തിറക്കാനും സാധിച്ചു. യാത്രക്കാര്‍ പുറത്തിറങ്ങിയ നിമിഷം അക്രമികള്‍ ബസ് അഗ്നിക്കിരയാക്കി.
ഇതേ സമയം അതേ റൂട്ടിലൂടെ മറ്റൊരു ബസ് എത്തി. ആ ബസ്സിലെ കണ്ടക്ടറായിരുന്നു അനില്‍ കുമാര്‍. മുന്നിലെ ബസ് അക്രമികള്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് കണ്ടതോടെ അനില്‍കുമാറിന് കാര്യം മനസ്സിലായി. അദ്ദേഹം ബസ്സ് നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. അതോടെ രമേഷ് കുമാറിന്റെ ബസ്സില്‍നിന്ന് ഇറങ്ങിയ യാത്രക്കാര്‍ അനില്‍കുമാറിന്റെ ബസ്സിനു സമീപത്തേക്ക് ഓടിയെത്തി. എന്നാല്‍ അനില്‍ കുമാര്‍ അദ്ദേഹത്തിന്റെ ബസിലെ യാത്രക്കാരോട് പുറത്തിറങ്ങാനാണ് ആവശ്യപ്പെട്ടത്.
70-80 യാത്രക്കാര്‍ ആ സമയം ബസ്സിലുണ്ടായിരുന്നു. അക്രമികള്‍ അനില്‍കുമാറിന്റെ ബസിനു സമീപത്തേക്ക് ഓടിയെത്തിയപ്പോഴേക്കും യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കാന്‍ സാധിച്ചിരുന്നു. അവര്‍ ബസ്സിനു നേര്‍ക്ക് കല്ലെറിയുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു. പിന്നീട് അക്രമികള്‍ ആ ബസ്സിനും തീയിട്ടു. ബസ്സില്‍നിന്ന് ഏറ്റവും അവസാനം പുറത്തെത്തിയ ആള്‍ ഞാനായിരുന്നു- അനില്‍കുമാര്‍ പറയുന്നു.
ഇരു ബസ്സുകളും അഗ്നിക്കിരയാക്കിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ കടുത്തു. സമീപത്തെ കടകളും പെട്രോള്‍ പമ്പുകളും ഉടന്‍ തന്നെ അടച്ചു. പോലീസുകാരെയും വിന്യസിച്ചു. ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടേത്തിയ റാം റഹീം സിങ്ങിന്റെ ശിക്ഷ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.
Leave a Reply