യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ, അപ്പം മുറിക്കൽ ശുശ്രൂഷകളും നടന്നു. ക്രിസ്തുവിന്റെ പീഡസഹനത്തിന്റെ ഓർമ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രത്യേക പ്രാർത്ഥനയും കുരിശിന്റെ വഴിയും നഗരി കാണിക്കൽ ചടങ്ങും നടക്കും.

ക്രിസ്തുവിന്റെ കുരിശുമരണത്തെ സ്മരിക്കുന്ന ദുഃഖവെള്ളി ആചരണത്തിന് വിശ്വാസികള്‍ ഒരുങ്ങി. മനുഷ്യരുടെ പാപങ്ങള്‍ക്കുള്ള പരിഹാരമായി ക്രിസ്തു മരണം വരിച്ചതിന്റെ അനുസ്മരണമാണ് ദുഃഖവെള്ളി. ക്രൈസ്തവര്‍ക്ക് ഒരേ സമയം വേദനയുടെയും പ്രതീക്ഷയുടെയും ദിനമാണിത്. ചെന്നൈ നഗരത്തിലും ക്രൈസ്തവര്‍ ദുഃഖവെള്ളി പ്രാര്‍ഥനാപൂര്‍വം ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ ആരാധന നടത്തുന്ന പള്ളികളിലും ദുഃഖവെള്ളി ശുശ്രൂഷകള്‍ നടക്കും.

പെസഹാദിനത്തോട് അനുബന്ധിച്ച ആരാധനയും കുര്‍ബാനയും വ്യാഴാഴ്ച നടന്നു. ക്രിസ്തു ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓര്‍മയിലാണ് പെസഹാ ആചരിക്കുന്നത്. വിവിധ ദേവാലയങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ ദുഃഖവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. പ്രത്യേക പ്രാര്‍ഥനകള്‍, ആരാധനകള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. രാവിലെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം വരെ നീളും. കുരിശും വഹിച്ചുകൊണ്ടുള്ള കുരിശിന്റെ വഴി ചടങ്ങുകളും ശുശ്രൂഷകളുടെ അവസാനം നടക്കും.