ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മലയാളം വിലക്കിയത് വൻ വിവാദമായ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ച് ആശുപത്രി തടിയൂരിയത്. മലയാളം വിലക്കിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത് തങ്ങളുടെ അറിവോടെ അല്ലായിരുന്നെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു. മലയാളം വിലക്ക് ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു.
ജോലി സമയത്ത് നഴ്സുമാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നുമാണ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കുലറിൽ വിശദീകരണം.
ജിബി പന്ത് ആശുപത്രിയിലെ നഴ്സുമാരിൽ 60 ശതമാനവും മലയാളികളാണ്. മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് നടപടിയോട് മലയാളി നഴ്സുമാർ പ്രതികരിച്ചത്. നടപടി വൻ വിവാദമാകുകയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഹാഷ് ടാഗുകളുമായി നിരവധി പേർ പോസ്റ്റ് ഇടുകയും ആശുപത്രിയുടെ ഔദ്യോഗിക പേജിൽ കമന്റ് ഇടുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ മലയാളം വിലക്കിയ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളം, വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
Leave a Reply