ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ക്രിപ്റ്റോ കറൻസികളെ നിരോധിക്കുന്നതിന് പകരം നികുതി ചുമത്തി ഒരു ഡിജിറ്റൽ ആസ്തിയായി അംഗീകരിച്ച കേന്ദ്ര സർക്കാർ നടപടി ഇരുകൈയും നീട്ടിയാണ് ഇന്ത്യൻ ക്രിപ്റ്റോ നിക്ഷേപകർ സ്വീകരിച്ചത്. ക്രിപ്റ്റോ കറൻസി ബിൽ പാസാക്കാതെ തന്നെ പരോക്ഷമായി ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് ബജറ്റിൽ 30 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. ക്രിപ്റ്റോയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ കൂടുതൽ വ്യക്തത നൽകുമ്പോൾ 82% ഇന്ത്യക്കാരും ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. അടുത്തിടെ ഡെലോയ്‌റ്റും ടൈംസ് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേയുടെ ഫലമാണിത്.

സർവേയിൽ പങ്കെടുത്ത 1,800 പേരിൽ, 55.2% പേർ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും പറഞ്ഞു. 26.8% പേർ ക്രിപ്‌റ്റോയിൽ നിക്ഷേപിച്ചിട്ടില്ലെന്നും ക്രിപ്റ്റോ നിയന്ത്രണത്തെക്കുറിച്ച് സർക്കാർ കൂടുതൽ വ്യക്തത നൽകിയാൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഫലം പ്രസിദ്ധീകരിച്ചത്. തുടർന്ന് ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നിർമ്മല സീതാരാമൻ ക്രിപ്റ്റോകറൻസികൾക്ക് പരോക്ഷ അംഗീകാരം നൽകി. ഡിജിറ്റൽ കറൻസികൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ ഡിജിറ്റൽ കറൻസികൾക്ക് ഫലത്തിൽ അംഗീകാരം നൽകുകയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും 2021-ൽ ഇന്ത്യക്കാരുടെ ക്രിപ്റ്റോ നിക്ഷേപങ്ങൾ കുതിച്ചുയർന്നു. 2021-ൽ 48 റൗണ്ടുകളിലായി 63.8 കോടി ഡോളർ മൂല്യമുള്ള ക്രിപ്റ്റോ ഫണ്ടിങ്ങും ബ്ലോക്ക്ചെയിൻ നിക്ഷേപങ്ങളുമാണ് ഇന്ത്യെയെ ആകർഷിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ നിക്ഷേപങ്ങളുള്ളത് ഇന്ത്യക്കാർക്ക് ആണെന്നാണ് റിപ്പോർട്ട്. ക്രിപ്‌റ്റോ ബില്ലുമായി ബന്ധപ്പെട്ട് സംഭവ ബഹുലമായിരുന്ന വർഷം തന്നെ ഇത്രയധികം നിക്ഷേപം നടന്നുവെന്നത് ക്രിപ്റ്റോയുടെ സ്വീകാര്യത വലിയ തോതിൽ വർദ്ധിക്കുന്നതിന്റെ ഉദാഹരണമാണ്.