ന്യൂസ് ഡെസ്ക്, മലയാളം യുകെ

മഹാമാരിയും തുടർന്നുള്ള സമരങ്ങളും എൻഎച്ച്എസിൻ്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഇതുവരെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലാണ് ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനുള്ള കാത്തിരുപ്പു സമയം അതിക്രമിച്ചിരിക്കുന്നത്. എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് തുറന്ന് സമ്മതിച്ചിരുന്നു. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ളവരെ കടുത്ത പ്രയാസത്തിലേയ്ക്കാണ് എൻഎച്ച്എസ്സിന്റെ താളപ്പിഴകൾ തള്ളി വിട്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദന്ത ചികിത്സാ രംഗത്തും സ്ഥിതി വിഭിന്നമല്ല. മതിയായ ഡോക്ടർമാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതും കടുത്ത വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത് . ഇതിന് പരിഹാരം എന്ന നിലയിൽ അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എൻഎച്ച്എസ്. ഇതോടൊപ്പം വിവിധ സ്കൂളുകളിൽ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നൽകാനും സർക്കാർ തയ്യാറെടുക്കുകയാണ്. ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ ഇന്ന് മന്ത്രിമാർ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദന്ത ചികിത്സാ മേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താനുള്ള ബോണസ് സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 200 മില്യൺ പൗണ്ട് നിക്ഷേപം നടത്താനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. സ്മൈൽ ഫോർ ലൈഫ് എന്ന പദ്ധതിയുടെ കീഴിൽ നേഴ്സറി സ്കൂളിലെ കുട്ടികൾക്ക് ദന്തക്ഷയത്തെ ചെറുക്കാനായി പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന വിമർശനവും ശക്തമാണ്. നടപ്പിലാക്കിയിരിക്കുന്ന പല പദ്ധതികളും വളരെ നാളായി തങ്ങൾ ആവശ്യപ്പെടുന്നവയാണെന്നും പുതിയ നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിന് സർക്കാർ പരാജയമാണെന്നും ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.