റഷ്യയും യുകെയും നീങ്ങുന്നത് മനുഷ്യവംശത്തിന്റെ ചരിത്രത്തിന് അന്ത്യം കുറിക്കുന്ന യുദ്ധത്തിലേക്കെന്ന് മുന്‍ റഷ്യന്‍ ജനറല്‍. ശീതയുദ്ധത്തേക്കാള്‍ മോശം സാഹചര്യമാണ് ബ്രിട്ടനും റഷ്യക്കുമിടയില്‍ സംജാതമായിരിക്കുന്നതെന്ന് യെവ്‌ജെനി ബുഷിന്‍സ്‌കി പറഞ്ഞു. 40 വര്‍ഷത്തോളം റഷ്യന്‍ സൈന്യത്തില്‍ സേനമനുഷ്ഠിച്ചയാളാണ് ഇദ്ദേഹം. മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായ നോവിചോക്ക് ആക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത് യുദ്ധത്തിലേക്ക് വരെ നയിക്കുന്ന സംഗതിയാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ബ്രിട്ടനും റഷ്യും യഥാര്‍ത്ഥ യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ അവസാന യുദ്ധമായിരിക്കും ഇതെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണം യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിന് സാലിസ്ബറി ആക്രമണമല്ല, അതേത്തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ഒരു യുദ്ധത്തിന് മതിയായ കാരണമാണെന്ന് ബുഷിന്‍സ്‌കി മറുപടി നല്‍കി. സമ്മര്‍ദ്ദം തുടരുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ അതിലൂടെ എന്ത് നേടാനാകുമെന്നാണ് കരുതുന്നത്?

ഒരു നേതൃമാറ്റമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നടപ്പാകില്ലെന്ന് ബുഷിന്‍സ്‌കി ഉറപ്പിച്ചു പറയുന്നു. റഷ്യയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നതനുസരിച്ച് സമൂഹം പ്രസിഡന്റിന് കൂടുതല്‍ പിന്തുണ നല്‍കുകയേയുള്ളു. അത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനേ ഉതകൂ എന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ടിരിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ഇല്ലാതാക്കുകയാണ്. അതിലൂടെ റഷ്യയെ വളയുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ഇത് വളരെ അപകടകരമാണെന്നും ബുഷിന്‍സ്‌കി പറഞ്ഞു.