തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാര്‍ഥികളും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
വാഹനത്തില്‍ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
ഒക്ടോബര്‍ 20-ന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കുകയും വേണം.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ ‘സ്റ്റുഡന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍’ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീന എം-ന് നല്‍കി പ്രകാശനം ചെയ്തു. എല്ലാ സ്‌കൂള്‍ അധികൃതരും ഇതിലെ നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യേണ്ടതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടാന്‍ ആരെയും അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കുറേ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ സംവിധാനം ഒരുക്കും. സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തും. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേക പരിശീലനം നല്‍കും. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Leave a Reply