അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യണമെന്ന് താജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്റർപോളിനോട് ആവശ്യപ്പെട്ടു.
അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹിബ്, ഗനിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ഫാസൽ മഹ്മൂദ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവർക്കെതിരെ ട്രഷറി മോഷണക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ജനങ്ങളുടെ സമ്പത്ത് വീണ്ടെടുക്കാൻ ഇവരെ അറസ്റ്റ് ചെയ്യണമെന്നും അഫ്ഗാൻ എംബസി ആവശ്യപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഷ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടറിലും കാറുകളിലും നിറയെ പണവുമായാണെന്ന് റഷ്യൻ എംബസിയെ ഉദ്ധരിച്ച് ആർഎൻഎ ന്യൂസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
നാല് കാറുകൾ നിറച്ച് പണം കൊണ്ടു പോയെന്നും ഹെലികോപ്ടറിൽ കൊള്ളാത്തത് ഉപേക്ഷിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം രാജ്യം വിട്ട അഷ്റഫ് ഗനി അമേരിക്കയിൽ അഭയം പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. താജിക്കിസ്ഥാനിൽ അഭയം തേടിയെങ്കിലും അനുമതി കിട്ടാതായതോടെ ഒമാനിലാണ് ഗനിയും കൂട്ടരും ഇറങ്ങിയതെന്നും റിപ്പോർട്ട് ഉണ്ട്.
Leave a Reply