ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാട്സ് ആപ്പിലൂടെ വ്യക്തികളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ കൈക്കലാക്കുന്ന കോൺടാക്ടുകളിൽ നിന്ന് പണം ആവശ്യപ്പെടുന്ന തട്ടിപ്പു രീതിയാണ് സൈബർ കുറ്റവാളികൾ പിൻതുടരുന്നത്. വാട്സ് ആപ്പിലെ വിവരങ്ങൾ ചോർത്തി തട്ടിപ്പു നടത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഡെർബിഷയർ പോലീസ് പറഞ്ഞു.
ഇതോടൊപ്പം വാട്സ്ആപ്പ് ഗ്രൂപ്പുകളും തട്ടിപ്പുകാർ നല്ല രീതിയിൽ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിൻറെ ഭാഗമായി എൻഎച്ച് എസ് സ്റ്റാഫ് ഗ്രൂപ്പുകൾ , യൂണിവേഴ്സിറ്റികൾ, മറ്റ് ബിസിനസുകൾ നടത്തുന്നവർ എന്നിവരുടെ ഗ്രൂപ്പുകളിലേയ്ക്കും വ്യാപകമായ രീതിയിൽ നുഴഞ്ഞുകയറ്റം നടത്തുന്നതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പലപ്പോഴും ആളുകളെ ബന്ധപ്പെടുകയും തങ്ങൾക്ക് വന്നിരിക്കുന്ന കോഡ് അല്ലെങ്കിൽ ഒ റ്റി പി കൈമാറാനുമാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഇത് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിനായുള്ള വെരിഫിക്കേഷൻ കോഡാണ്. ഇത് പങ്കിടുന്നത് അക്കൗണ്ടിലേക്കും കോൺടാക്റ്റ് ലിസ്റ്റിലേക്കും തട്ടിപ്പുകാരന് ആക്‌സസ് നൽകും.
അടുത്തിടെ നടന്ന ഒരു സംഭവത്തിൽ തട്ടിപ്പിന് ഇരയായ ആൾക്ക് 600 പൗണ്ട് ആണ് നഷ്ടപ്പെട്ടത്. ഡെർബി സർവകലാശാലയിലെ ഒരു വിദ്യാർത്ഥി ഗ്രൂപ്പിന് അവരുടെ ലക്ചററാണെന്ന് കരുതുന്ന ഒരാൾ ഗ്രൂപ്പ് കോളിൽ ചേർന്ന് അവരുടെ വാട്ട്‌സ്ആപ്പ് കോഡുകൾ അയയ്ക്കാൻ ആവശ്യപ്പെട്ട് സന്ദേശം അയച്ചതായും പോലീസ് പറഞ്ഞു. ഇത്തരത്തിൽ മോഷ്ടിക്കുന്ന പണം മറ്റു രാജ്യങ്ങളിലേയ്ക്ക് മാറ്റുകയാണ് സൈബർ കുറ്റവാളികൾ ചെയ്യുന്നത്. യുകെയിൽ നിന്നും വിദേശത്തുനിന്നും ഇത്തരം കുറ്റകൃത്യങ്ങൾ നടക്കാമെന്ന് പോലീസ് പറയുന്നത്. നിലവിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പലർക്കും പരസ്പരം അറിയത്തില്ലെന്നുള്ള കാര്യവും തട്ടിപ്പുകാർ മുതലാക്കുന്നുണ്ട്. ഇത്തരം തട്ടിപ്പിനെ ഏതെങ്കിലും രീതിയിൽ അഭിമുഖീകരിച്ചാൽ ഫോൺവിളിച്ച് ആ വ്യക്തി നമ്മുടെ സുഹൃത്താണെന്ന് ഉറപ്പുവരുത്തണം. ഒരിക്കലും അവരെ വാട്സ് ആപ്പിൽ കോൺടാക്ട് ചെയ്യരുത് . കാരണം അത് വാട്സ് ആപ്പിന്റെ വ്യാജ അക്കൗണ്ട് ആയിരിക്കാനുള്ള സാധ്യതയാണ് ഉള്ളത് എന്ന് പോലീസ് മുന്നറിയിപ്പ് നൽകി .
Leave a Reply