ലണ്ടന്‍: തിങ്കളാഴ്ച ഈ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരുന്നുവെന്ന് മെറ്റ് ഓഫീസ്. ബാങ്ക് അവധി ദിവസം കൂടിയായതിനാല്‍ ജനങ്ങള്‍ ചൂട് ആസ്വദിക്കുന്നതിന് ബീച്ചുകളിലും തുറന്ന പ്രദേശങ്ങളിലുമെത്തി. ലിങ്കണ്‍ഷയറിലെ ഹോള്‍ബീച്ചില്‍ രേഖപ്പെടുത്തിയ 28.2 ഡിഗ്രിയാണ് ഏറ്റവും ഉയര്‍ന്ന താപനില. 1984ല്‍ സഫോള്‍ക്കില്‍ രേഖപ്പെടുത്തിയ 27.2 ഡിഗ്രിയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലും വെയില്‍സിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

ലണ്ടനില്‍ രാവിലെ 10 മണിക്കു മുമ്പു തന്നെ 19 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഈസ്റ്റ് വെയില്‍സിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും വരണ്ട കാലാവസ്ഥയും ചെറിയ തോതിലുള്ള കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്ക്, ക്യൂ ഗാര്‍ഡന്‍സ്, ഹീത്രോ, കെന്റിലെ ഗ്രേവ് സെന്‍ഡ് എന്നിവിടങ്ങളിലും 28 ഡിഗ്രിക്കു മേല്‍ താപനില ഉയര്‍ന്നു എന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്.

തീരദേശ മേഖലകളില്‍ കാര്യമായ ചൂട് അനുഭവപ്പെട്ടില്ല. ബ്രൈറ്റണില്‍ 22 ഡിഗ്രിയായിരുന്നു ചൂട്. നോര്‍ഫ്‌ളോക്കില്‍ 27 ഡിഗ്രിയും അനുഭവപ്പെട്ടു. കെന്റിന്റെ ചില മേഖലകളില്‍ ഇതേ കാലാവസ്ഥ ചൊവ്വാഴ്ചയും തുടരാനാണ് സാധ്യത. എന്നാല്‍ ഓഗസ്റ്റിലെ താപനില ശരാശരയിയിലും താഴെയായിരുന്നുവെന്നാണ് മെറ്റ് ഓഫീസ് രേഖകള്‍ കാണിക്കുന്നത്.