ലണ്ടന്‍: ചെറുപ്പക്കാരിയുടെ തുടിപ്പും പ്രസരിപ്പും നിറഞ്ഞ പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമായിരുന്നു ഡോ. സ്‌റ്റെഫ് ക്ലാര്‍ക്കിന്. ആശുപത്രിയില്‍ യാതന അനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടി സദാസമയവും പ്രവര്‍ത്തിച്ചു. ജോലി സമയം കഴിഞ്ഞാലും മണിക്കൂറുകള്‍ അധികം കണ്ടെത്തി രോഗികകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഡോ. സ്‌റ്റെഫിനെക്കുറിച്ച് വാല്‍സാല്‍ മാനോര്‍ ആശുപത്രി അധികൃതര്‍ക്കും രോഗികള്‍ക്കും പറയാന്‍ വിശേഷണങ്ങള്‍ ഏറെയാണ്. അപൂര്‍വ്വയിനം ക്യാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നതിന്റെ ഒരു മാസം മുന്‍പ് വരെ ഡോക്ടര്‍ സ്‌റ്റെഫ് ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പമായിരുന്നു. ഒരു ഡോക്ടറെന്ന നിലയില്‍ അവരുടെ ആത്മാര്‍ത്ഥയെ അടയാളപ്പെടുത്താന്‍ മറ്റൊരു തെളിവും ആവശ്യമില്ല.
28കാരിയായ സ്റ്റെഫ് ക്ലാര്‍ക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 9നാണ് ലോകത്തോട് വിടപറയുന്നത്. അപൂര്‍വ്വയിനം ക്യാന്‍സര്‍ തന്നെ മരണത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് സ്റ്റെഫിന് അറിയാമായിരുന്നു. എന്നിട്ടും അവസാന നാളുകള്‍ പോലും രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കാന്‍ അവര്‍ തയ്യാറായി. യു.കെയിലെ ആരോഗ്യരംഗത്തിന് വലിയ നഷ്ടമായിരിക്കും സ്‌റ്റെഫിന്റെ വിയോഗമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്ന ആദരവുകള്‍ കണ്ടാല്‍ മനസിലാവും. ആശുപത്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മറ്റൊരാള്‍ ഉണ്ടാവില്ലെന്ന് സ്റ്റെഫ് ചികിത്സിച്ച രോഗികള്‍ പറയുന്നു. ആ ത്രസിപ്പും ഉന്മേഷവും ഞങ്ങളുടെ ഓര്‍മ്മകള്‍ക്കൊപ്പമുണ്ടാകും എക്കാലവുമെന്നായിരുന്നു സ്റ്റെഫ് പ്രവര്‍ത്തിച്ച ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മാത്യൂ ലൂയിസ് കുറിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മരണാന്തര ചടങ്ങുകളില്‍ അസാധാരണ ജനപങ്കാളിത്വം ഉണ്ടായിരുന്നു. സ്റ്റെഫിന്റെ സഹപ്രവര്‍ത്തകരും രോഗികളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റെഫ് മികച്ച ഒരു വിദ്യാര്‍ത്ഥിനിയായിരുന്നുവെന്ന് ഞങ്ങള്‍ കേട്ടിരുന്നു. പഠനകാലത്തിന് ശേഷം മികച്ചൊരു ഡോക്ടറുമായി സ്‌റ്റെഫ് മാറി. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും സാഹദര്യ സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു സ്റ്റെഫെന്നും ഡോ. മാത്യൂ ലൂയിസ് അനുസ്മരിച്ചു. യു.കെയിലെ ആരോഗ്യ രംഗത്തിന് തന്നെ ഡോ. സ്‌റ്റെഫ് ക്ലാര്‍ക്ക് വലിയ നഷ്ടമാവും.
Leave a Reply