ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുട്ടികളെ പീഡിപ്പിച്ച കേസിൽ എൻഎച്ച്എസ് ഡോക്ടർ അറസ്റ്റിൽ. പീഡനത്തിനിരയായ ഒൻപത് കുട്ടികളെ തിരിച്ചറിഞ്ഞ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോയൽ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എ ആൻഡ് ഇ ക്ലിനിക്കായി ജോലി ചെയ്യുന്നതിനിടെ 2018 -ലാണ് ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ഇതിനെ തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അന്വേഷണം ആരംഭിച്ച പോലീസ്, തെളിവുകളുടെ അഭാവത്തിൽ ഡോക്ടറെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചു. എന്നാൽ ഡിസംബറിൽ, വെസ്റ്റ് മിഡ്‌സിലെ ഡഡ്‌ലിയിലെ റസ്സൽസ് ഹാൾ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹം പോലീസ് പിടിയിലായി. ഏഴും പതിനഞ്ചും വയസുള്ള കുട്ടികളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഇതിനെ തുടർന്ന് പീഡനത്തിനിരയായ ഒൻപത് കുട്ടികളെ തിരിച്ചറിഞ്ഞ സ്റ്റാഫോർഡ്ഷയർ പോലീസ്, ഓപ്പറേഷൻ അൻസു എന്ന പേരിൽ അന്വേഷണം പുനരാരംഭിച്ചു. 2020 ഓഗസ്റ്റിനും 2021 മാർച്ചിനും ഇടയിൽ രണ്ട് ആശുപത്രികളിലെയും എ&ഇ വിഭാഗങ്ങളിലും റസ്സൽസ് ഹാളിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിലും ജോലി ചെയ്യുന്നതിനിടയിൽ 800-ലധികം രോഗികളെ ഇദ്ദേഹം പരിശോധിച്ചു. ഇതിൽ 350-ലധികം കുട്ടികളുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ജനറൽ മെഡിക്കൽ കൗൺസിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.

കുട്ടികളുടെ ക്ലിനിക്കൽ റെക്കോർഡുകൾ പോലീസ് പരിശോധിക്കുകയാണ്. ഡോക്‌ടർ ചികിത്സിച്ച രോഗികളുടെ മെഡിക്കൽ റെക്കോർഡുകളുടെ വിദഗ്ധ പരിശോധനയും നടക്കുന്നു. തന്റെ പേരിലുള്ള എല്ലാ ആരോപണങ്ങളും നിരസിക്കുന്നതായി പ്രതി അറിയിച്ചു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ വിശദമായ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി.